താരസംഘടനയായ അമ്മ നേതൃത്വം നല്‍കുന്ന കേരള സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീമിന്‍െറ തീം സോങ് പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നടന്‍ പൃഥ്വിരാജിന് സീഡിയുടെ ആദ്യകോപ്പി നല്‍കി പ്രകാശനം ചെയ്തു. www.keralastrikers.in എന്ന വെബ്സൈറ്റ് തെന്നിന്ത്യന്‍ നടന്‍ ത്യാഗരാജ് പ്രകാശനം ചെയ്തു. കേരള കലകളും താളമേളങ്ങളും വസ്ത്ര സവിശേഷതകളും കോര്‍ത്തിണക്കിയാണ് ദൃശ്യം തയാറാക്കിയത്.എ.എല്‍. വിജയനാണ് സംവിധായകന്‍. സഞ്ജീവ് തോമസാണ് ഈണം പകര്‍ന്നത്. ജി.എസ്. അരുണാണ് ഗാനരചയിതാവ്.
ക്രിക്കറ്റ് ടീം അംഗങ്ങളും ബ്രാന്‍ഡ് അംബാസഡര്‍മാരായ ഭാവന, ലക്ഷ്മി റായി എന്നിവരും ദൃശ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.കേരള സ്ട്രൈക്കേഴ്സിന് ആവേശം പകരാന്‍ ഗാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉടമകളിലൊരാളായ ലിസി പ്രിയദര്‍ശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള ടീമിലെ അംഗങ്ങളുടെയും ഉടമകളുടെയും ജഴ്സിയണിഞ്ഞ ചിത്രങ്ങളും വിവരണങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. മത്സരത്തീയതി, ഫലം, തീം സോങ്, മറ്റ് ചിത്രങ്ങള്‍, ആരാധകര്‍ എന്നിവക്കായി പ്രത്യേകം ഇടങ്ങളുണ്ട്.ഹൈദരാബാദില്‍ ഈ മാസം 21ന് ചെന്നൈ റൈനോസുമായും 22ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ സല്‍മാന്‍ഖാന്‍ നയിക്കുന്ന മുംബൈ ഹീറോസുമായും കേരള സ്ട്രൈക്കേഴ്സിന്‍െറ മത്സരം നടക്കുമെന്ന് ടീം മാനേജര്‍ ഇടവേള ബാബു വ്യക്തമാക്കി.
മത്സരങ്ങളിലൂടെ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങളുമായി സൗഹൃദം പുലര്‍ത്തുകയും വിവിധ അന്യഭാഷാ ചിത്രങ്ങളില്‍ മലയാള നടീനടന്മാര്‍ക്ക് പ്രവേശം സാധ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് ബാബു വ്യക്തമാക്കി. സിനിമാ താരങ്ങള്‍ അണിനിരക്കുന്ന സ്റ്റേജ് ഷോകള്‍ക്ക് നിറം മങ്ങിത്തുടങ്ങി. പകരം ക്രിക്കറ്റ് ടീമിനെ ഉപയോഗിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുമെന്നും ബാബു പറഞ്ഞു. ഓരോ ടീമും തമ്മില്‍ അഞ്ചു വീതം മത്സരങ്ങള്‍ നടക്കും. ആകെ 30 മത്സരങ്ങളാണ് ഈ സീസണില്‍ നടക്കുക. ഫെബ്രുവരി 12ന് ഹൈദരബാദിലാണ് ഫൈനല്‍. ടീം അംഗങ്ങളായ വിനുമോഹന്‍, നിഖില്‍, റിയാസ്ഖാന്‍, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, കോച്ച് പങ്കജ് ചന്ദ്രസേനന്‍ നായര്‍, അസി. കോച്ച് സുനില്‍, ഉടമകളിലൊരാളായ പി.എം. ഷാജി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല