1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2012

അങ്ങനെ പവനായി ശവമായി എന്ന് പറഞ്ഞപോലെയാകുകയാണ് ബ്രിട്ടന്റെ അവസ്ഥ കാരണം എന്തെന്നാല്‍ വിദേശ നേഴ്സുമാരെ നിയന്ത്രിക്കാനും പടിക്കു പുറത്താക്കാനും കുടിയേറ്റ നിയമങ്ങളില്‍ ഭേദഗതി വരുത്തിയും എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും യുകെ കാട്ടി കൂട്ടിയ കൊപ്രായങ്ങള്‍ക്ക് തിരിച്ചുടി കിട്ടുകയാണ്. ബ്രിട്ടനിലെ പ്രായമേറിയ ആളുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിക്കുന്നത് മൂലം അവരുടെ ശ്രുശ്രൂഷയ്ക്കായി വിദേശ നേഴ്സുമാരെ ആശ്രയിക്കാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് ലണ്ടന്‍ കിംഗ്സ് കോളേജിലെ നാഷണല്‍ നേഴ്സിംഗ് റിസര്‍ച്ച് യൂണിറ്റ് നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളും അവയുടെ ഫലങ്ങളും എന്‍എന്‍ആര്‍യു വിശദമായി പഠിക്കുകയും ചെയ്തു, ഇതില്‍ നിന്നും യുകെയിലെക്ക് കുടിയേറുന്ന നേഴ്സുമാരുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്. ഇത് ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 2005 ബ്രിട്ടന്‍ സഹായം നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ള നേഴ്സുമാരെ യുകെ ആരോഗ്യ മന്ത്രാലയം നിരോധിച്ചപ്പോള്‍ അവര്‍ സ്വന്തം നാട്ടില്‍ തൊഴില്‍ ചെയ്യുന്നതിന് പകരം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.

2005 ന് മുന്‍പത്തെ കണക്ക് പരിശോധിച്ചാല്‍ ഓരോ വര്‍ഷവും പതിനായിരത്തിനും പതിനറായിരത്തിനും ഇടയില്‍ നേഴ്സുമാര്‍ യുകെയിലേക്ക് കുടിയേറിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിയമങ്ങളില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ മൂലം കുടിയേറുന്ന നേഴ്സുമാരുടെ എണ്ണം 2000-2500 ആയി ചുരുങ്ങുകയും ചെയ്തു. സ്വന്തം രാജ്യങ്ങളില്‍ തന്നെ ജോലി ചെയ്യാനും കുടിയേറ്റം കുറയാനും വേണ്ടിയാണ് ബ്രിട്ടന്‍ നേഴ്സുമാരുടെ കുടിയേറ്റം നിയന്ത്രിച്ചത് എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ നേഴ്സുമാര്‍ ബ്രിട്ടനിലേക്കുള്ള വാതില്‍ അടഞ്ഞപ്പോള്‍ ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നതിനു പകരം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ചെയ്തത്.

എന്തായാലും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ബ്രിട്ടന്‍. ആരോഗ്യ മേഖലയില്‍ ജീവനക്കാര്‍ കുറയുന്നതും രോഗികളുടെയും വൃദ്ധരുടെയും എണ്ണം വര്‍ദ്ധിക്കുന്നതും മൂലം വിദേശ നേഴ്സുമാരെ ആശ്രയിച്ചേ മതിയാകൂ എന്ന അവസ്ഥയിലേക്കാണ് ബ്രിട്ടന്റെ പോക്ക്. അന്താരാഷ്ട്ര നിലവാരമുള്ള വിദേശ നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് ബ്രിട്ടന്‍ ഉടന്‍ തന്നെ പുനരാരംഭിക്കും എന്നാണു ഗവേഷകര്‍ നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.