ഹരിയാനയിലെ ഗുഡ്ഗാവില്‍ മലയാളി പെണ്‍കുട്ടി കുത്തേറ്റ് മരിച്ച കേസില്‍ യുവാവിനെ പൊലീസ് തിരയുന്നു. സോഫ്റ്റ്വെയര് എഞ്ചിനീയറായ സിന്‍സി സെബാസ്റ്റ്യനെ (23) കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയ യുവാവിനെയാണ് ഹരിയാന പൊലീസ് തേടുന്നത്.ജനവരി എട്ടിന് വൈകുന്നേരം അഞ്ചിനും ആറിനുമിടയ്ക്കാണ് കൊലക്കത്തി വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. സിന്‍സിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകളും സിന്‍സിയുടെയും സഹപ്രവര്‍ത്തകരുടെയും ഫേസ്ബുക്കും പോലീസ് പരിശോധിച്ചുവരികയാണ്. വൈകാതെ പ്രതികളെ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കത്തി വില്പന നടത്തിയ കടയുടമ നല്കിയ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് യുവാവിന്റെ രേഖാചിത്രം തയ്യാറാക്കുന്നുണ്ട്. അതേസമയം സിന്‍സിയുടെ മുറിയില്‍ താമസിച്ച രാജസ്ഥാന് സ്വദേശിനിയേക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഗുഡ്ഗാവ് ഡി.എല്‍.എഫിലെ മറ്റൊരു ഐ.ടി. കമ്പനിയില്‍ ജോലിചെയ്യുന്ന ജയ്പുര്‍ സ്വദേശിനിയാണ് സിന്‍സിയുടെ കൂടെ താമസിച്ചിരുന്നത്. സംഭവത്തിന്റെ തലേന്ന് വൈകുന്നേരമാണ് അവര്‍ ജയ്പുരിലെ വീട്ടിലേക്കു പോയത്. അവര്‍ക്ക് നിരവധി ആണ് സുഹൃത്തുക്കളുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണിലൂടെ പോലീസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് അവര്‍ തയ്യാറായിട്ടില്ല.ഡിഎല്‍എഫ് ഫേസ് മൂന്നിലെ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു സിന്‍സി. കത്തിക്കടയുടമയുടെ മുന്നില്‍ അഞ്ചുപേരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയെങ്കിലും കത്തി വാങ്ങിയ ആളെ കണ്ടെത്താനായില്ല.
അതിനിടെ നാട്ടിലെത്തിച്ച സിന്‍സിയുടെ സംസ്കാരം തിരുവനന്തപുരത്തിനടുത്ത് പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല