യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകയാണ്. ഏറ്റവും ഒടുവിലായി ഫ്രാന്‍സും ഇറ്റലിയുമടക്കം ഒന്‍പതു യൂറോപ്യന്‍ രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് (വായ്പായോഗ്യത) താഴ്ത്തി. ഇനി ജര്‍മനി മാത്രമേ യൂറോ സ്വീകരിച്ച രാജ്യങ്ങളില്‍ ഏറ്റവും മുന്തിയ ട്രിപ്പിള്‍ എ (എഎഎ) റേറ്റിംഗ് നിലനിര്‍ത്തുന്നുള്ളൂ. വെള്ളിയാഴ്ച വ്യാപാരസമയം കഴിഞ്ഞശേഷം സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പി) നടത്തിയ ഈ താഴ്ത്തല്‍ വരും ദിവസങ്ങളില്‍ ആഗോള വിപണികളെ ഉലച്ചേക്കും.
കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയുടെ റേറ്റിംഗ് താഴ്ത്തിയ ഏജന്‍സിയാണ് എസ് ആന്‍ഡ് പി റേറ്റിംഗ് താഴ്ന്നെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ യുഎസ് ഡോളര്‍ കൂടുതല്‍ കരുത്തു നേടുകയും യുഎസ് ഓഹരിവിപണി ഉയരുകയുമാണു ചെയ്തത്. അമേരിക്കന്‍ സാമ്പത്തികവളര്‍ച്ചയും കൂടി. യൂറോപ്പാകട്ടെ കടപ്രതിസന്ധിയിലാണ്. രാജ്യങ്ങളുടെ വളര്‍ച്ചനിരക്കു തീരെക്കുറവും. പല രാജ്യങ്ങളും മാന്ദ്യത്തിലാണ്. രക്ഷയ്ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ രൂപം കൊടുത്ത രക്ഷാനിധിയിലേക്കു പണം സമാഹരിക്കാനും റേറ്റിംഗ് താഴ്ത്തല്‍ പ്രശ്നമാകും.
അമേരിക്കയ്ക്കു നല്കിയ എഎ പ്ളസ് റേറ്റിംഗാണു ഫ്രാന്‍സിന് എസ് ആന്‍ഡ് പി ഇന്നലെ നല്‍കിയത്. ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്, സൈപ്രസ് എന്നിവയുടെ റേറ്റിംഗ് രണ്ടുനില താഴ്ത്തി. ഓസ്ട്രിയ, മാള്‍ട്ട, സ്ലോവാക്യ, സ്ലേവേനിയ എന്നിവയുടേത് ഓരോ നില താഴ്ത്തി.
ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സാര്ക്കോസിക്കു വലിയ തിരിച്ചടിയായി റേറ്റിംഗ് താഴ്ത്തല്‍. ഏപ്രില്‍-മേയ് മാസങ്ങളിലായി നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സോഷ്യലിസ്റ് പാര്‍ട്ടിയുടെ നേതാവ് ഫ്രാന്‍സ്വാ ഹോളണ്ടിനു വിജയം ഉറപ്പാക്കുന്നതാണ് ഈ സംഭവവികാസമെന്നു കരുതപ്പെടുന്നു. യൂറോ സ്വീകരിച്ച ബല്‍ജിയം, എസ്തോണിയ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ് എന്നിവയുടെ റേറ്റിംഗ് താഴ്ത്തിയില്ലെങ്കിലും ഭാവി മോശമാണെന്ന മട്ടില്‍ നെഗറ്റീവായി നിര്‍ണയിച്ചു. ഗ്രീസിന്റേതു പണ്ടേ തന്നെ നിക്ഷേപയോഗ്യമല്ല എന്ന നിലവാരത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല