സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് സഭയില്‍ റോമില്‍ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്നു നാളെ കര്‍ദിനാള്‍ പദവി സ്വീകരിക്കും. ആലഞ്ചേരി വലിയ പിതാവ് സീറോ മലബാര് സഭയുടെ മൂന്നാമത് കര്‍ദിനാളായി അവരോധിക്കപ്പെടുമ്പോള്‍ ഭാരത കത്തോലിക്കാ സഭക്കും പ്രത്യേകിച്ച് സീറോ മലബാര്‍ സഭക്ക് അഭിമാനവും അംഗീകാരവും വന്നു ചേരുന്ന ധന്യ മുഹൂര്‍ത്തമായിരിക്കും. നാളെ ഫെബ്രുവരി 18 ശനിയാഴ്ച യുകെയിലെങ്ങും മാസ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ചു പ്രാര്‍ത്ഥനാ ദിനമായി ആഘോഷിക്കും.
1945 ഏപ്രില്‍ 19 നു ആലഞ്ചേരി ഫിലിപ്പോസ്, മേരി ദമ്പതികളുടെ ആറാമത് മകനായി ചങ്ങനാശ്ശേരി അതിരൂപതയില്‍ തുരുത്തി ഇടവകയില്‍ ജനിച്ച മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ പ്രൈമറി വിദ്യാഭ്യാസം തുരുത്തിയില്‍ തന്നെ നിര്‍വ്വഹിച്ചു. 1972 ഡിസംബര്‍ 18 ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തന്റെ സന്യാസ സമര്‍പ്പിത ജീവിതം ആരംഭിച്ച പിതാവ് സാമ്പത്തികശാസ്ത്രത്തില്‍ കേരളാ സര്‍വകലാശാലയില്‍ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ദൈവശാസ്ത്രത്തില്‍ ഒന്നാംറാങ്കില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ സഭാ പിതാവ് താന്‍ എടുത്തുവെച്ച കാല്‍പാദങ്ങള്‍; എല്ലാം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച മഹാ വ്യക്തിത്വം ആണ്.
ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹ വികാരി, ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടര്‍, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടര്‍, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസര്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ തക്കല രൂപതയുടെ പ്രഥമ മെത്രാന്‍, അങ്കമാലി അതിരൂപതയുടെ മെത്രാന്‍ മേജര്‍ ആര്‍ച്ചുബിഷപ് തുടങ്ങി നിരവധി ആത്മീയ കര്‍മ്മ വീഥികളില്‍ അര്‍പ്പണത്തിന്റെയും നേതൃത്വത്തിന്റെയും സേവനത്തിന്റെയും ശ്രേഷ്ഠതയുടെ ഉത്തുംഗത്തില്‍ നില്‍ക്കുന്ന പിതാവ് ഭാരതത്തിന് തന്നെ അഭിമാനം ആണ്. വലിയ പിതാവിന്റെ പുതിയ സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന്റെ വിഹഗ വീക്ഷണവും, പുരോഗമന ചിന്തകളും ഇച്ഛാ ശക്തിയും ലക്ഷ്യ ബോധവും നിറഞ്ഞ ദൈവാനുഗ്രഹീത കരങ്ങള്‍ സീറോ മലബാര് സഭയുടെ നായകന്‍ എന്ന നിലക്ക് സഭക്കും അല്മായര്‍ക്കും വലിയ മുതല്‍ക്കൂട്ടാവും.
ഇന്ന് വെള്ളിയാഴ്‌ച ന്യൂയോര്‍ക്ക് ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ ഡോ. തിമോത്തി ഡോളന്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ഥനയ്‌ക്കു നിയുക്ത കര്‍ദിനാള്‍മാര്‍ മാര്‍പ്പാപ്പയുമൊന്നിച്ചു പങ്കുചേരും. ശനിയാഴ്‌ച രാവിലെ 10.30ന് കര്‍ദിനാള്‍ പദവി നല്‌കുന്ന ചടങ്ങുകള്‍ വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് നടക്കുന്നത്. സാര്‍വത്രിക സഭയില്‍ കര്‍ദിനാള്‍ സ്ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ അണിയിക്കും. പിന്നീട് അവര്‍ക്കു സ്ഥാനികദേവാലയം നിശ്ചയിച്ചു കൊടുക്കും.
ഞായറാഴ്‌ച രാവിലെ 9.30-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം ആഘോഷമായ സമൂഹബലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ അനസ്‌താസിയായുടെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ ദിവ്യബലിമധ്യേ സന്ദേശം നല്‍കും. തുടര്‍ന്ന് കര്‍ദിനാളിന്റെ ബഹുമാനാര്‍ഥം അത്താഴവിരുന്ന് നല്‌കും.
സീറോ മലബാര് സഭയുടെ അഭിവന്ദ്യ അധ്യക്ഷന്മാര്‍, ഇറ്റലിയിലെയും വത്തിക്കാനിലെയും ഇന്ത്യന്‍ സ്ഥാനപതിമാര്‍, കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വൈദിക, സന്യസ്ത, അത്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ റോമിലെ ചടങ്ങുകളില്‍ പങ്കെടുക്കും. നമ്മുടെ സഭാപിതവായ മാര്‍ തോമ്മാസ്ലീഹായുടെ അപ്പസ്തോല വരങ്ങളിലൂടെ സര്‍വ്വ ശക്തനായ ദൈവത്തിന്റെ പാത തെളിക്കുവാന്‍ വിജയശ്രീയായി സഭയുടെ നായകത്വം വഹിക്കുവാന്‍ ജോജ്ജ് ആലഞ്ചേരി വലിയ പിതാവിന് ഊര്‍ജ്ജവും സംരക്ഷണവും പരിപാലനവും അനുഗ്രഹവും ലഭിക്കുവാന്‍ എങ്ങും സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥനകള്‍ അഭംഗുരം നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല