ബര്‍മിംഗ്ഹാം: കഴിഞ്ഞ ദിവസം കാറുകള്‍ അടക്കം കളവുപോയ ഞെട്ടലില്‍ നിന്നും മാരും മുന്‍പേ ആ സ്ഥലത്ത് നിന്നും ഒരു മൈല്‍ മാത്രം താഴെ താമസിക്കുന്ന മലയാളിയുടെ വീട്ടില്‍ വീണ്ടും മോഷണം. അര്‍ദ്ധരാത്രിയില്‍ മോഷ്ടാവ് വീടിനുള്ളില്‍ കടന്നു ഐഫോണുമായി കടന്നു കളയുകയായിരുന്നു. ബര്മിംഗ്ഹമിനടുത്ത് യാര്ഡിയില് തന്നെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീട്ടുകാര്‍ മുകളിലത്തെ നിലയില്‍ കിടന്നുറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയോടെ മുന്‍വാതില്‍ തുറന്നു ഉള്ളില്‍ കയറിയ കള്ളന് താക്കോലുകള്‍ പരതി എത്തിയത് വീട്ടുനാഥന്‍ അടക്കം ഉറങ്ങുന്ന ബെഡ്റൂമില്‍.
ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാരന് ഒച്ചവെച്ചപ്പോള്‍ തോക്കുക്കൊണ്ട് വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബി.എം.ഡബ്ലിയു കാറിന്റെ താക്കോലാണ് മോഷ്ടാവ് ആവശ്യപ്പെട്ടത്. കുടുംബനാഥന് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ രക്ഷപ്പെടുന്നതിനിടയില്‍ കയ്യില്‍ കിട്ടിയ ഐഫോണും കൊണ്ടുപോയി. ഇത് പിന്നീട് കള്ളനെ പിടി കൂടുവാന്‍ സഹായിച്ചു.
വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് ഐഫോണിന്റെ ട്രാക്കര്‍ സംവിധാനം ഉപയോഗിച്ച് മോഷ്ടാവിന്റെ നീക്കങ്ങള്‍ മനസിലാക്കി പിടികൂടുകയായിരുന്നു. മോഷ്ടാവിന്റെ വീട്ടിലെ ലോഫ്റ്റില്‍ ഒളിച്ചിരുന്ന കള്ളനെ പോലീസ് വീട് വളഞ്ഞു പിടിച്ചു. അതേസമയം കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ട രണ്ടുകാറുകളില്‍ സോജന്റെ ട്രാക്കര്‍ സംവിധാനം ഉണ്ടായിരുന്ന കാര്‍ ബര്‍മിംഗ്ഹാം സിറ്റിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
പിടിയിലായ മോഷ്ടാവ് മോഷണത്തിന് ഇരയായ മലയാളിയുടെ വീട്ടില്‍ നിന്നും ഏകദേശം ഒരു മൈല്‍ താഴെയുള്ള സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. ജമൈക്കന്‍ വംശജനാണ് പിടിയിലായ മോഷ്ടാവെന്നു സംശയിക്കുന്നു. എന്തായാലും ഇതോടു കൂടി മലയാളികള്‍ ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ആവശ്യകത ഏറിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല