1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2012

നേഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ശ്വാസത പരിഹാരം കാണാന്‍ സര്‍ക്കാര്‍ രംഗത്ത്‌. ഇതിന്റെ ഭാഗമായി സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്ര പദ്ധതി തയ്യാറാക്കി. പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഇത് മൂന്നുമാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും. നഴ്‌സുമാരുടെ മനുഷ്യാവകാശം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശിപാര്‍ശചെയ്യും. അടിസ്ഥാന വേതനം ഉറപ്പാക്കണമെന്നും കമ്മീഷന് നേതൃത്വം നല്‍കുന്ന ഡോ. എസ്. ബലരാമന്‍ വ്യക്തമാക്കി. കുറഞ്ഞ ശമ്പളം പുതുക്കി നിശ്ചയിക്കും.

ആസ്പത്രികളില്‍ ജോലിചെയ്യുന്ന എല്ലാവരും വെള്ളവസ്ത്രം ധരിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ക്ക് ഏകീകൃത യൂണിഫോം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശചെയ്യും. ഇത് കേരളം മുഴുവന്‍ ബാധകമാവണം. തിരിച്ചറിയല്‍ കാര്‍ഡുമുണ്ടാവും. മാനേജ്‌മെന്റുകളുടെ പ്രത്യേക താത്പര്യം അനുസരിച്ച് നിയമനം നടത്തുന്ന രീതിക്കും മാറ്റം വരുത്തും. പുരുഷ നഴ്‌സുമാര്‍ക്ക് എല്ലാ ആസ്പത്രികളിലും നിയമന സംവരണം ശിപാര്‍ശചെയ്യും. കേരള രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെ ജോലിക്ക് വയ്ക്കുന്നതിലും നിയന്ത്രണമുണ്ടാകും.

മിക്കയിടത്തും നഴ്‌സുമാരുടെ സഹായികള്‍ വളരെ കുറവായതിനാല്‍ എല്ലാ ജോലികളും അവര്‍ ചെയ്യണമെന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കും.സംസ്ഥാനത്തെ 27 ആസ്പത്രികള്‍ കമ്മീഷന്‍ ഇതിനകം സന്ദര്‍ശിച്ചു. മിക്കയിടത്തും തൊഴില്‍ നിയമലംഘനം കണ്ടെത്തി. 16 മണിക്കൂര്‍ വീതം, തുടര്‍ച്ചയായി ഏഴു ദിവസം വരെ തൊഴിലെടുപ്പിക്കുന്ന ആസ്പത്രികളുമുണ്ട്. ഇടുക്കിയില്‍ സന്ദര്‍ശനത്തിന് വന്ന കമ്മീഷനില്‍ പ്രൊഫ. സലോമി ജോര്‍ജ്, പി. ദേവകി, ഷൈല ബി. എന്നീ അംഗങ്ങളും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.