ബ്രിട്ടണിന്റെ ആദ്യ പുരുഷമാതാവ് തന്റെ സ്വവര്‍ഗപങ്കാളിയുമായി പിരിഞ്ഞു. മകള്‍ പിറന്നു ഒരു വര്‍ഷം തികയുന്നതിനുള്ളില്‍ ഇവര്‍ പിരിഞ്ഞത് കുട്ടിയുടെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്. പലപ്പോഴും കുട്ടിയുടെ ജനനം തങ്ങളുടെ ജീവിതത്തെ മാറ്റിമറക്കില്ലെന്ന് തങ്ങള്‍ പറയുമായിരുന്നു എന്ന് പങ്കാളിയായ ജേസന്‍ അറിയിച്ചു. ജേസന്‍ തന്റെ പങ്കാളിയായ പോളിനൊപ്പം ആയിരുന്നു ജീവിച്ചിരുന്നത്. സ്ത്രീയുടെ ലൈംഗികാവയവങ്ങളുമായി ജനിച്ച പോള്‍ ഗര്ഭിണിയായത് പലരെയും അമ്പരപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുട്ടി ജനിച്ചത്. പക്ഷെ ഇവര്‍ തമ്മിലുള്ള ബന്ധത്തിന് പിന്നീട് വിള്ളല്‍ വീഴുകയും ജേസന്‍ അവസാനം ബന്ധത്തില്‍ നിന്നും വഴി മാറുകയുമായിരുന്നു. തങ്ങളുടെ ബന്ധം നല്ല രീതിയിലല്ല അവസാനിച്ചത് എന്ന് ജേസന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അടുത്ത ആഴ്ചയില്‍ കുട്ടിക്ക് ഒരു വയസു തികയും. വെറും മൂന്നു മാസത്തെ പരിചയം വച്ചാണ് പോളും ജേസനും ഒരുമിച്ചു ജീവിക്കുവാന്‍ തീരുമാനിച്ചത്. ടെസ്റ്റിറോണ്‍ ഉപയോഗിച്ച് കൊണ്ടിരുന്നിട്ടും പോള്‍ ഗര്‍ഭിണിയായതു മറ്റുള്ളവരെപ്പോലെ തന്നെയും അത്ഭുതപ്പെടുത്തിയെന്ന് ജേസന്‍ അറിയിച്ചു.
ഗര്‍ഭിണിയായതിനു ശേഷം ടെസ്റ്റിറോണ്‍ എടുക്കുന്നത് നിര്‍ത്തി വച്ചത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുകയായിരുന്നു. പോള്‍ മാറിടം വളര്‍ത്തുകയും പിന്നീട് സ്ത്രീയായി മാറുകയുമാണ് ഉണ്ടായതെന്ന് ജേസന്‍ പറഞ്ഞു. അതിനു ശേഷം ധാരാളം സൌന്ദര്യ പിണക്കങ്ങള്‍ ഇവര്‍ക്കിടയില്‍ സംഭവിച്ചതും ഈ ബന്ധം തകരുന്നതിനു ആക്കം കൂട്ടി. കഴിഞ്ഞ വര്‍ഷത്തെ അവധിക്കാല യാത്രക്ക് ശേഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
പിരിഞ്ഞു എങ്കിലും ഇപ്പോഴും ജേസന്‍ തന്റെ കുട്ടിയുടെ വളര്‍ച്ചയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. മാസത്തിലൊരിക്കല്‍ കുട്ടിയെ കാണുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായി ജേസന്‍ കാണുന്നു. നാല് വര്‍ഷം മുന്‍പ് അമേരിക്കക്കാരനായ തോമസ് ആണ് ലോകത്തിലെ ആദ്യ പുരുഷമാതാവ് എന്ന പേരിനു അര്‍ഹനായത്. അതേസമയം സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമപരമാക്കാന്‍ ആലോചിക്കുന്ന ഗവണ്‍മെന്റിനെതിരെ പൊരുതുന്ന ക്രൈസ്തവ സഭകള്‍ക്ക് ഇതൊരു തുറുപ്പുചീട്ട് ആയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല