സ്വവര്‍ഗ സ്നേഹികളുടെ വിവാഹം നിയമപരമാക്കുന്നത് തടയുക എന്നത് ഓരോ കത്തോലിക്കരുടെയും ചുമതലയാണെന്ന് സഭ ആഹ്വാനം ചെയ്തു. ഇതു സംബന്ധിച്ച ഇടയലേഖനം 2500 പള്ളികളില്‍ ഇന്നലെ കുര്‍ബാന മദ്ധ്യേ വായിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം വിവാഹത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുമെന്നു ആര്‍ച്ച് ബിഷപ്പുമാര്‍ വെളിപ്പെടുത്തി.
ഇംഗ്ലണ്ടിലെയും വെല്സിലെയും കാത്തലിക്ക് പള്ളികളുടെ ചുമതലക്കാരനായ ആര്‍ച്ച് ബിഷപ്പ് വിന്‍സന്റ് നിക്കോളാസ്, സൗത്ത് വാര്‍ക്കിലെ ആര്‍ച് ബിഷപ്പ് ആയ പീറ്റര്‍ സ്മിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇടയലേഖനം ഇറക്കിയത് . വരും തലമുറയ്ക്ക് വിവാഹത്തെക്കുറിച്ചുള്ള ശരിയായ അര്‍ത്ഥം ഗ്രഹിക്കാനാകാതെ വരുന്നത് നമ്മള് അവരോടു ചെയ്യുന്ന ക്രൂരതയാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ സമതുലനാവസ്ഥ തന്നെ വിവാഹം എന്ന കാര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ന് നിലനില്‍ക്കുന്നത് എന്നും സര്‍ക്കാരിന്റെ കടുംപിടുത്തം ഈ സമതുലനാവസ്ഥ നഷ്ടപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചു.
രണ്ടു ശരീരങ്ങള്‍ തമ്മിലുള്ള സമര്‍പ്പണം എന്നതിനപ്പുറം വിവാഹത്തിനു മറ്റൊരു മാനമുണ്ട്. പ്രകൃതിയെയും വിശ്വാസങ്ങളെയും മതത്തെയും ഒരേ സമയം തള്ളിപ്പറയുന്നത് ഭാവിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ സംശയമൊന്നുമില്ല. പള്ളിക്കോ സര്‍ക്കാരിനോ വിവാഹത്തെക്കുറിച്ചുള്ള വിശ്വാസത്തെ മാറ്റാനുള്ള അധികാരമോ അവകാശമോ ഇല്ല. സമത്വം എന്ന വാക്കിനോട് സര്‍ക്കാരിനുള്ള താല്പര്യം മനസിലാക്കാവുന്നതേ ഉള്ളൂ. പക്ഷെ ഇത് കടന്ന കയ്യായി എന്നാണു പല പള്ളി അധികാരികളുടെയും അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല