മൂന്നു ദിവസം മുന്‍പ് വരെ ഒരു പൂമ്പാറ്റയെപ്പോലെ ഓടിക്കളിച്ചു നടന്ന സിയാന്ന മോളുടെ ചേതനയറ്റ ശരീരം പുറത്തെടുത്തപ്പോള്‍ കരയാത്തവരായി ആന്ട്രിമിലെ മലയാളികള്‍ ആരുമുണ്ടായിരുന്നില്ല.ജീവിതം എത്ര നൈമിഷികമാണെന്ന സത്യം നമ്മുടെയൊക്കെ മനസില്‍ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തിയാണ് സിയന്നമോള് കടന്നു പോയത്. എല്ലാം ദൈവത്തിന്റെ പദ്ധതിയെന്ന് കരുതി സമാധാനിക്കാമെങ്കിലും വിധി എന്തിനീ കുട്ടിയെ ഈ ചെറുപ്രായത്തില്‍ തിരികെ വിളിച്ചു എന്നത് പലരുടെയും മനസ്സില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
അലര്‍ജി മൂലം ചൊവ്വാഴ്ച ദൈവം തിരികെ വിളിച്ച സിയെന്ന മോള്‍ക്ക് ഇന്നലെ ഉച്ച കഴിഞ്ഞു ആന്ട്രിമിലെ മലയാളികള്‍ അന്ത്യാഞ്ജലി നല്കി.ഇന്നലെ വിട്ടു കിട്ടിയ മൃതദേഹം സ്വന്തം ഭവനത്തിലെ പ്രാര്‍ഥനകള്‍ക്കു ശേഷം സെന്റ് കൊമ്ഗല് പള്ളിയില്‍ എത്തിച്ചു.തുടര്‍ന്ന് നടന്ന തിരുക്കര്മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കാന്‍ സമീപവാസികളായ ഒട്ടേറെ മലയാളികള്‍ ഒത്തു കൂടിയിരുന്നു.പലരും വിതുമ്പല്‍ അടക്കുവാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു.
അലര്‍ജി മൂലം ദേഹത്ത് നീര് വയ്ക്കുകയും ചുവക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രയില്‍ ആണ് സിയന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മരണകാരണം അലര്‍ജി ആണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.
ഇന്ന് ലണ്ടനില്‍ എത്തിക്കുന്ന സിയെന്ന മോളുടെ മൃതദേഹം നാളത്തെ എമിരേറ്റ്സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ കൊച്ചിയില്‍ എത്തും.അവിടെ നിന്നും സ്വദേശമായ ചങ്ങനാശ്ശേരി കുറുമ്പനാടത്തെ കരീകണ്ടത്തെ വീട്ടിലേക്ക് കൊണ്ടുപോകും.മൃതദേഹത്തെ കുട്ടിയുടെ പിതാവ് റജി തോമസ്,മാതാവ് ഷീബ,അമ്മാവന് ഷിജു,ഷിജുവിന്റെ പത്നി സുബിയും അനുഗമിക്കും.തിങ്കളാഴ്ച കുറുമ്പനാട് അസ്സംപ്ഷന്‍ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല