1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2012

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്‍. ശെല്‍വരാജിനെ മല്‍സരിപ്പിക്കുന്നതിനു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അനുമതി ലഭിച്ചതായി സൂചന. നിയമസഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു ശക്തി നേടുന്നതിനു വിട്ടുവീഴ്ചകള്‍ക്കു തയാറാകുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണു ദേശീയ നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയുമായും മറ്റു ദേശീയ നേതാക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ ഡല്‍ഹിയില്‍ ആശയ വിനിമയം നടത്തിയിരുന്നു.

കെപിസിസിയുടെ അഭിപ്രായവും എതിരല്ലാത്ത സാഹചര്യത്തില്‍ ശെല്‍വരാജിനെ മത്സരിപ്പിക്കാമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. സ്ഥാനാര്‍ഥിയെ സംബന്ധിച്ചു കേരളത്തില്‍ തീരുമാനമെടുത്ത ശേഷം നിര്‍ദേശിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് നേതൃത്വം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതെന്നു സൂചന.

നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായി തമ്പാനൂര്‍ രവിയാണ് 1991 മുതല്‍ സ്ഥാനാര്‍ഥി. 1991, 1996, 2001 വര്‍ഷങ്ങളില്‍ ജയിക്കുകയും ചെയ്തു. 2006ലും 2011ലും വി.ജെ. തങ്കപ്പനോടും ആര്‍. ശെല്‍വരാജിനോടും പരാജയപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ രവിയെ സ്ഥാനാര്‍ഥിയാക്കുന്നതിനോടു കോണ്‍ഗ്രസ് നേതാക്കള്‍ക്കു യോജിപ്പുമുണ്ട്. എന്നാല്‍, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം.

അതേസമയം, തമ്പാനൂര്‍ രവിയെ ഉപേഷിക്കാനും പാര്‍ട്ടി തയാറല്ല. എ ഗ്രൂപ്പിലെ പ്രധാന നേതാവായ അദ്ദേഹത്തെ അടുത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ പരിഗണിക്കാമെന്നു കോണ്‍ഗ്രസ് നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്. തമ്പാനൂര്‍ രവിക്കു കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് നെയ്യാറ്റിന്‍കര. ഈ സാഹചര്യത്തില്‍ പ്രചാരണ രംഗത്ത് അദ്ദേഹത്തിന്‍റെ സജീവ സാന്നിധ്യം പാര്‍ട്ടി ആഗ്രഹിക്കുന്നു.

സാമുദായിക വോട്ടുകള്‍ ജയം നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു രംഗത്തുള്ളത്. ഇതിനായി മണ്ഡലത്തില്‍ കൂടുതല്‍ സ്വാധീനമുള്ള സമുദായത്തില്‍ നിന്ന് ഡോ. ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാനാണ് ധാരണ.

സിഎസ്ഐ സഭയുടെ വിവിധ ഘടകങ്ങളില്‍ ഭാരവാഹിയും കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളെജില്‍ അനസ്തറ്റിസ്റ്റുമാണ് ഡോ. ബെന്നറ്റ്. എസ്എഫ്ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിന്‍റെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവര്‍ത്തകനും സിപിഎം സഹയാത്രികനുമാണ്. പിന്തുണ ഉറപ്പിക്കുന്നതിനായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ നെയ്യാറ്റിന്‍കര ലാറ്റിന്‍ കാത്തലിക് ബിഷപ് വിന്‍സന്‍റ് സാമുവലുമായി ചര്‍ച്ച നടത്തി യിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.