1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2012

പെട്രോളിന്‍റെ 22 ശതമാനം മൂല്യവര്‍ധിത നികുതി 0.1 ശതമാനം മാത്രമായി കുറച്ച ഗോവ സര്‍ക്കാരിന്‍റെ തീരുമാനം നിലവില്‍ വന്നു. ഇതോടെ ഗോവയിലെ പെട്രോള്‍ വില ലിറ്ററിന് 54.96 രൂപയായി കുറഞ്ഞു. കഴിഞ്ഞദിവസം വരെ ലിറ്ററിന് 65 രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ ഗോവയില്‍.

പുതിയ വില നിലവില്‍ വന്നപ്പോള്‍ എത്രയും വേഗം പരമാവധി പെട്രോള്‍ അടിക്കാനുള്ള തിരക്കായി വാഹന ഉടമകള്‍ക്ക്. രാവിലെ മുതല്‍ പമ്പുകള്‍ക്കു മുന്നില്‍ വാഹനങ്ങളുടെ നീണ്ട ക്യൂ. തുടക്കത്തിലെ ഈ പരക്കം പാച്ചില്‍ യാഥാര്‍ഥ്യവുമായി ജനങ്ങള്‍ പൊരുത്തപ്പെടുന്നതോടെ അവസാനിക്കുമെന്ന് അധികൃതര്‍.

ആദ്യ മണിക്കൂറുകളില്‍ എല്ലാവരും ഫുള്‍ ടാങ്ക് തന്നെ അടിച്ചു. അതോടെ പലയിടത്തും ഇന്ധന സ്റ്റോക്ക് തീര്‍ന്നു. അഡീഷനല്‍ ടാങ്കറുകള്‍ എത്തിച്ചാണ് എണ്ണക്കമ്പനികള്‍ ക്ഷാമം തീര്‍ത്തത്. പമ്പിലേക്കു കയറാന്‍ കാറുകളും ഇരുചക്ര വാഹനങ്ങളും നീണ്ട നിരയായി കിടന്നതു പലയിടത്തും വാഹന ഗതാഗതം തടസപ്പെടുത്തി. രാവിലെ ഏഴിനു പമ്പുകള്‍ തുറക്കും മുന്‍പു തന്നെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു.

പെട്രോളിന്‍റെ നികുതി പൂര്‍ണമായി ഒഴിവാക്കാന്‍ താന്‍ തയാറായിരുന്നെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു. സംസ്ഥാനത്ത് എത്ര പെട്രോള്‍ വില്‍ക്കുന്നു എന്ന് അറിയാനാണ് 0.1 ശതമാനം നികുതി നിലനിര്‍ത്തിയത്. ഇതുവഴി ലഭിക്കുന്ന വരുമാനം അയല്‍ സംസ്ഥാനങ്ങളിലേക്കു പെട്രോള്‍ കടത്തുന്നതു തടയാന്‍ അതിര്‍ത്തികളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനമായിരുന്നു പെട്രോള്‍ വില കുറയ്ക്കുമെന്നത്. പരീകര്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ തന്നെ അതു പ്രാവര്‍ത്തികമാക്കുകയായിരുന്നു. സംസ്ഥാനത്ത് വിമാന ഇന്ധന നികുതിയും കുറച്ചിട്ടുണ്ട്; 20 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.