മനുഷ്യരാശിയുടെ അഹന്തയ്‌ക്കേറ്റ തിരിച്ചടിയ്ക്ക് നൂറ്റാണ്ട് തികയുന്നു. ഇന്നേക്ക് 100 വര്‍ഷം മുമ്പാണ് ടൈറ്റാനിക്കെന്ന ആഡംബരക്കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നത്. 1912 ഏപ്രില്‍ 14നാണ് 2,224 യാത്രക്കാരുമായി ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും ടൈറ്റാനിക്ക് യാത്ര തിരിച്ചത്.ഒമ്പതുനില കെട്ടിടത്തിന്റെ ഉയരവും മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയുമായി കടലിലെ രാജകൊട്ടരമെന്നു വിശേഷിപ്പിച്ച ടൈറ്റാനിക്ക് നിര്‍മിച്ചതു ഫര്‍ലാന്‍ഡ് ആന്‍ഡ് റൂള്‍ഫ് കമ്പനിയാണ്.
ദൈവത്തിന് പോലും തകര്‍ക്കാന്‍ പറ്റാത്തതാണ് ടൈറ്റാനിക്കെന്ന വിശ്വാസം അറ്റ്‌ലാന്റിക്കിലെ ഒരുമഞ്ഞുമലയില്‍ തട്ടിയതോടെ അവസാനിച്ചു. ഏപ്രില്‍ 14 രാത്രി 11.40നാണ് ദുരന്തമുണ്ടായത്. പുലര്‍ച്ചെ 2.20ന് 1,514 യാത്രികരുമായി ടൈറ്റാനിക്ക് അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്കുള്ള അതിന്റെ അന്ത്യയാത്ര പൂര്‍ത്തിയാക്കി. ലോകം ഇന്നും നടുക്കത്തോടെ മാത്രം ഓര്‍ക്കുന്ന ദുരന്തത്തില്‍ നിന്ന് 710പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.
കപ്പല്‍ തകരില്ലെന്ന വിശ്വാസത്തില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകള്‍ കരുതാതിരുന്നതും അറ്റ്‌ലാന്റിക്കിലെ അതിശൈത്യവുമാണ് മരണസംഖ്യ ഇത്രയധികം ഉയരാനിടയാക്കിയത്. അശ്രദ്ധയ്‌ക്കൊപ്പം മനുഷ്യന്റെ അഹന്തയാണ് ലോകത്തേറ്റവും വലിയ കപ്പല്‍ ദുരന്തത്തിന് ഇടയാക്കിയതെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിലൂടെ വ്യക്തമായി.മറ്റു കപ്പലുകളുടെ മുന്നറിയിപ്പ് അവഗണിച്ച് അമിത വേഗതയില്‍ കുതിച്ചതാണ് സ്വര്‍ഗ്ഗസമാനമായ യാനപാത്രത്തിന്റെ അന്ത്യവിധിയെഴുതിയത്.
ടൈറ്റാനിക്ക് ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും വമ്പിച്ച അനുസ്മരണ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്. കപ്പലില്‍ നിന്നു ലഭിച്ച വസ്തുകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കലണ്ടറുകളും നാണയങ്ങളും ലോകത്തു വിറ്റഴിയുന്നു. കപ്പല്‍ നിര്‍മിച്ച ബെല്‍ഫാസ്റ്റ് ഡോക്കില്‍ അതേ മാതൃകയില്‍ മ്യൂസിയം സ്ഥാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുണ്ടായ ദുരന്തം മനുഷ്യരാശിയ്ക്ക് വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത്. എന്നാല്‍ അതേ നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ജെയിംസ് കാമറൂണെന്ന പ്രതിഭാധനന്‍ സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ ടൈറ്റാനിക് ലോകത്തിന് വിസ്മയമാണ് സമ്മാനിച്ചത്. കപ്പല്‍ ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമയുടെ ത്രീഡി പതിപ്പും കാമറൂണ്‍ പുറത്തിറക്കി.
നൂറ്റാണ്ട് പിന്നിടുമ്പോഴും അറ്റ്‌ലാന്റിക്കിന്റെ മടിത്തട്ടില്‍ അന്ത്യനിദ്ര കൊള്ളുന്ന ടൈറ്റാനിക്ക് മനുഷ്യനുള്ള ഓരോര്‍മ്മപ്പെടുത്തലാണ്. എന്തിനെയും കീഴടക്കാമെന്ന അവന്റെ അഹന്തയ്ക്ക് വിരാമമിടാന്‍ ഈ യാനപാത്രത്തിന്റെ ദുരന്തസ്മരണകള്‍ക്ക് കഴിയുമെന്ന് പ്രത്യാശിയ്ക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല