രക്തദാതാക്കളെ ഒന്നിപ്പിക്കാനും ആവശ്യക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കാനുമായി ചലച്ചിത്ര താരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ‘ഓണ്‍ലൈന്‍’ രക്തബാങ്ക് തുറന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ഇന്ത്യന്‍ ബ്ലഡ് ബാങ്ക് സൊസൈറ്റി, ആക്ട് ഫോര്‍ ഹ്യൂമാനിറ്റി എന്നിവയുടെ സംയുക്ത സംരംഭമായാണ്www.indianbloodbank.com എന്ന വെബ് പോര്‍ട്ടലിന് രൂപം നല്‍കിയത്.
കേരള ഘടകത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച കലൂര്‍ ഐ.എം.എ ഹാളില്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. മനുഷ്യത്വം കുറയുന്ന നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രക്തം കൊടുക്കുന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ട്. അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ പോലും സമൂഹം മടിക്കുന്നു. നിയമപരമായ നൂലാമാലകളാവും ഇത്തരം നിലപാടിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഈ ചിന്താഗതികള്‍ മാറണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മറ്റുള്ളവരോട് കരുണയും സ്നേഹവും കാട്ടുകയെന്ന സാധാരണ കാര്യമാണ് വെബ് പോര്‍ട്ടലിന് രൂപം നല്കാന് പ്രേരിപ്പിച്ചതെന്ന് ആമുഖ പ്രഭാഷണത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിന് മാതൃക സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ എവിടെ നിന്നുമുള്ള രോഗികള്‍ക്കും ബന്ധുക്കള്‍ക്കും 24 മണിക്കൂറും രക്തത്തിന് പോര്‍ട്ടലിനെ ആശ്രയിക്കാം. രക്തം ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ദാതാക്കളെ ബന്ധപ്പെടാന്‍ ഫോണ്‍ സംവിധാനവും എസ്.എം.എസ് സൗകര്യവും വെബ് പോര്‍ട്ടലിലുണ്ട്. രക്തം നല്കാന് താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഏറ്റവും വിശ്വാസ്യതയുള്ള വലിയ ഡാറ്റ ശേഖരണമുള്ള ഓണ്‍ലൈന്‍ രക്തബാങ്കായി ഇതിനെ മാറ്റാനാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല