ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം കിട്ടി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുംബൈ സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. മുംബൈ താനെ സ്വദേശികളായ രോഹിത് രബിന്ദ്ര ബോലെ (19) , സുഹൃത്ത് ആഷിസ് അശോക് സാല്‍വി ( 23 ) എന്നിവരാണ് അറസ്റ്റിലായത് .
മുംബൈയില്‍ പിടികൂടിയ ഇവരെ ഞായറാഴ്ച കൊച്ചിയില്‍ എത്തിച്ചു. രോഹിത് താനെയിലെ ഐ. ടി സ്ഥാപനത്തിലെ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറും ആഷിസ് മുംബൈ ബോയ്‌സറില്‍ ഡ്രഗ്‌സ്‌കമ്പനി പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറും ആണ്. മുംബൈ വിരാര്‍, താനെ എന്നിവിടങ്ങളില്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ റാക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി പോലീസ് പറഞ്ഞു. രോഹിതിനും ആഷിസിനും ഹൈദരാബാദ് സ്വദേശിയായ ഒന്നാം പ്രതി മുഹമ്മദ് അലി, കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്ത് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നൈജീരിയക്കാരന്‍ എന്നിവരുമായുളള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഈ റാക്കറ്റിന്റെ താഴെ തട്ടിലുള്ളതാണ് ഇപ്പോള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കടവന്ത്ര എസ്. ഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ മുംബൈയില്‍ നിന്ന് പിടികൂടിയത്.
തട്ടിപ്പിനിരയായ ഡോ. ഷബീര്‍ഖാന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്നും 31000 രൂപയാണ് രോഹിത്തിന്റെ ഇതേ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. മാര്‍ച്ച് 30 ന് ആണ് ഇന്‍റര്‍നെററ് ബാങ്കിങ്ങ് ട്രാന്‍സാക്ഷന്‍ വഴി പണം വന്നത്. ഇത് രോഹിതും ആഷിസും ചേര്‍ന്നാണ് എ. ടി. എം കൗണ്ടറില്‍ നിന്ന് പിന്‍വലിച്ചത്. പ്രതികളുടെ ആറ് അക്കൗണ്ടുകളാണ് പോലീസ് പരിശോധിച്ചത്. ഇതില്‍ നാലെണ്ണം വ്യാജവിലാസത്തിലുള്ളതാണ്. ഒരെണ്ണം ഒരു പെണ്‍കുട്ടിയുടെ പേരിലുള്ളതുമാണെന്നാണ് വ്യക്തമായിരിക്കുന്നത്.
പണം പിന്‍വലിച്ചശേഷം എ.ടി.എം. കാര്‍ഡ് നഷ്ടപ്പെട്ടതായി കാണിച്ച് ഇരുവരും ചേര്‍ന്ന് മുംബൈ ബസായി റെയില്‍വേ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. പോലീസ് സ്റ്റേഷനില്‍ നിന്നും രസീതും വാങ്ങി. പോലീസ് അന്വേഷിച്ചാല്‍ തെളിവ് നശിപ്പിക്കുവാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികള്‍ സമ്മതിച്ചു.ു
അറസ്റ്റിലായ ആഷിസ് മുമ്പും എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ കൈയില്‍ നിന്നും വിവിധ ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ കണ്ടെടുത്തു. രോഹിതിന്റെ അക്കൗണ്ടിലേക്ക് വന്ന പണം വിവിധ ബാങ്കുകളുടെ 4 എ.ടി.എം. കൗണ്ടറുകള്‍ വഴിയാണ് പിന്‍വലിച്ചത്. ഇതിന്റെ ക്യാമറ ദൃശ്യങ്ങളും പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും വിശദമായി പരിശോധിച്ചാണ് ഇവരെ അറസ്റ്റുചെയ്തത്. പന്‍വേല്‍, കുര്‍ലാ വെസ്റ്റ്, അന്ധേരി എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രതികള്‍ വ്യാജ അക്കൗണ്ടുകള്‍ എടുത്തിട്ടുള്ളത്.
അറസ്റ്റചെയ്ത പ്രതികളെ മുംബൈ ബോയ്‌സര്‍ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനും മറ്റുമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
എറണാകുളം റേഞ്ച് ഐ.ജി. പത്മകുമാറിന്റെയും സിറ്റി പോലീസ് ക്മീഷണര്‍ എം.ആര്‍. അജിത്കുമാറിന്റെയും നിര്‍ദേശപ്രകാരമാണ് അന്വേഷണം. ഡി.സി.പി. ഗോപാലകൃഷ്ണപിള്ള, എറണാകുളം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബ്ബ് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു. സെന്‍ട്രല്‍ സി.ഐ. ഡി.എസ്. സുനീഷ്ബാബുവിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം. എ.എസ്.ഐ. സതീശന്‍, സി.പി.ഒ. പ്രകാശന്‍, റെനിന്‍ വര്‍ഗീസ്, സന്തോഷ്, ഉമേശ്വരന്‍ എന്നിവരും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് മുംബൈയില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല