ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള ഈ സുന്ദരിയെ നമ്മള് ആരും മറന്നു കാണില്ല. പൊതുവേ നീണ്ട മുടി സൌന്ദര്യത്തിന്റെ ഭാഗമായി കണക്കാക്കുന്ന നമ്മള് മലയാളികള്‍ക്ക് 1.6 മീറ്റര്‍ നീളമുള്ള പന്ത്രണ്ടുകാരി നതാഷ മോറിസ് ഒരു ഇമ്മിണി വല്യ സുന്ദരി തന്നെയായിരുന്നു. എന്നാല്‍ ഈ മുടി ഇനി നതാഷയുടെ തലയില്‍ കാണില്ല. തന്റെ മാതാപിതാക്കള്‍ക്ക് വീട് വാങ്ങാനായി നതാഷ മുടി മുറിച്ച് വിറ്റുകഴിഞ്ഞു. ഈ കുടുംബത്തിന്റെ ചിരകാല സ്വപ്നങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നത് എന്തായാലും തന്റെ മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആയതിന്റെ അഭിമാനത്തിലാണ് ഇപ്പോള്‍ നതാഷ.
റിയോ ഡി ജനീറോയില്‍ താമസിക്കുന്ന നതാഷയ്ക്ക് തന്റെ മുടി ഒരു അഭിമാനം ആയിരുന്നെങ്കില്‍ കൂടി മുടി കാരണം പല കാര്യങ്ങളും ചെയ്യാന്‍ സാധ്യമല്ലായിരുന്നു. ഒന്ന് ബീച്ചില്‍ പോയി നടക്കാന്‍ പോലും ഇവളുടെ മുടി അനുവദിച്ചിരുന്നില്ല കൂടാതെ ആഴ്ചയില്‍ നാല് മണിക്കൂര്‍ മുടി കഴുകാനും ദിവസവും ഒരു മണിക്കൂര്‍ മുടി ചീകാനും ചെലവഴിക്കേണ്ടിയും വന്നിരുന്നു. ഇപ്പോള്‍ ആകട്ടെ തന്റെ 40 സെന്റിമീറ്റര്‍ മാത്രം നീളമുള്ള ബോബ് ചെയ്ത മുടി കഴുകാന്‍ വെറും അഞ്ച് മിനുറ്റ് മാത്രം മതി നതാഷയ്ക്ക്. ഇതിനെല്ലാം പുറമേ മുന്‍പ് വളരെ ഇടുങ്ങിയ ജനാലകള്‍ ഇല്ലാത്ത ഒരു മുറിയില്‍ ആയിരുന്നു നതാഷ ജീവിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ തന്റെ മുടി വിറ്റുകിട്ടിയ 3000 പൌണ്ട് കൊണ്ട് നല്ലൊരു വീട് സ്വന്തമാക്കുകയാണ്. തന്റെ മുടി മുറിക്കുമ്പോള്‍ താന്‍ കരയുകയായിരുന്നു എന്ന് നതാഷ വെളിപ്പെടുത്തുന്നു. മുടി മുറിച്ച് കഴിഞ്ഞാല്‍ കാഷ് കിട്ടുമോ എന്ന ഭയവും നതാഷയ്ക്ക് ഉണ്ടായിരുന്നു. എന്തായാലും താനിപ്പോള്‍ പണ്ടത്തെക്കാള്‍ സ്വാന്തന്ത്ര്യം അനുഭവിക്കുനുണ്ട് എന്നും തനിക്കിപ്പോള്‍ സൈക്കിള്‍ ചവിട്ടാം, മുടി ആരെങ്കിലും മുറിച്ച് കൊണ്ട് പോകുമോ, പിടിച്ചു വലിക്കുമോ എന്നൊന്നും ഭയക്കാതെ പൊതു നിരത്തിലൂടെ ഇറങ്ങി നടക്കാം എന്നും നതാഷ പറഞ്ഞു.
തനിക്ക് ഇംഗ്ലീഷും സ്പാനിഷും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും, മുടി നനയുമോ എന്ന് ഭയക്കാതെ ബീച്ചില്‍ നീന്തണമെന്നും നതാഷ കൂടിച്ചേര്‍ത്തു. നതാഷയുടെ അമ്മ പറയുന്നത് മകളോട് മുടി മുറിക്കാന്‍ തങ്ങള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്നാണ്. എങ്കിലും അവള് എല്ലായിപ്പോഴും ഒരുതരത്തില്‍ പറഞ്ഞാല്‍ തടവില്‍ ആയിരുന്നെന്നും അമ്മ ഓര്‍മിച്ചു. മുന്‍പ് ഈ മുടി കാരണം വീട്ടില്‍ ഫാന്‍ ഇടാന്‍ പറ്റില്ലായിരുന്നു എന്നാല്‍ ഇപ്പോള്‍ അതിനാകുന്നുണ്ട്. എന്തായാലും ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്ത് തന്നെ ഒരു വീട് പണിയാനാണ് നതാഷയും കുടുംബവും ആഗ്രഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല