ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ രക്ഷപെട്ടത് പൊലീസിലെ ചില ഉന്നതരുടെ അറിവോടെയാണെന്ന് ആരോപണം. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഇക്കാര്യം പരസ്യമായി പറയുന്നുമുണ്ട്. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണിയുണ്ടായതെന്നും സൂചനയുണ്ട്.
വെള്ളിയാഴ്ച രാത്രി ടിപി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതികള്‍ സഞ്ചരിച്ച വാഹനത്തിനായി പരിശോധന തുടങ്ങിയിരുന്നു. കൊലപാതകം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന റഫീഖിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇതിനിടയില്‍ തന്നെ മാധ്യമങ്ങളില്‍ കൂടി പ്രതിയുടെ വിശദാംശങ്ങള്‍ പുറത്താവുകയും റഫീഖ് മുങ്ങുകയുമായിരുന്നു.
ഇതോടെയാണ് പൊലീസിലെ ഉന്നതന്‍ സംശയത്തിന്റെ നിഴലിലായത്. ഒരു മുന്‍ ആഭ്യന്തര മന്ത്രിയുമായി ഇയാള്‍ക്കുള്ള വഴിവിട്ട അടുപ്പവും സംശയം കൂട്ടാന്‍ ഇടയാക്കി. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നില്ലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ പ്രതികള്‍ വലയിലാകുമായിരുന്നുവെന്ന് അന്വേഷണ സംഘത്തിലെ ചിലര്‍ രഹസ്യമായി പ്രതികരിക്കുന്നു. അന്വേഷണ സംഘത്തിലെ ചിലര്‍ വഴി തന്നെയാണ് വിവരങ്ങള്‍ ചോരുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി നടത്തിയതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല