1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2012

വിദ്യാഭ്യാസവായ്പ നിഷേധിച്ചതില്‍ മനംനൊന്ത് നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടാംപ്രതിയായ ബാങ്ക് മാനേജരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രി റോഡിലെ എച്ച്.ഡി.എഫ്.സി കോട്ടയം ബ്രാഞ്ച് ലോണ്‍ ക്ളസ്റ്റര്‍ മാനേജര്‍ കൊടുങ്ങൂര്‍ തോപ്പില്‍ ജോബിന്‍സെന്നിനെയാണ് (33) അറസ്റ്റ് ചെയ്തത്. കോട്ടയം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ മെയ് 23വരെ റിമാന്‍ഡുചെയ്ത് കോട്ടയം സബ്ജയിലിലേക്കയച്ചു.നഴ്സിങ് പഠനം മുടങ്ങിയതില്‍ കുടമാളൂര്‍ അമ്പാടി ഗോപികയില്‍ ശ്രീകാന്തിന്റെ മകള്‍ ശ്രുതിയാണ് (ആതിര-20) ജീവനൊടുക്കിയത്.

വിവിധസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിവിധ ശാഖകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു. പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതോടെ എച്ച്.ഡി.എഫ്.സി പുളിഞ്ചുവട് ബാങ്ക് മാനേജര്‍ തൃപ്പൂണിത്തുറ സ്വദേശി ഹരികൃഷ്ണന്‍ ഒളിവില്‍പോയി. വിദ്യാര്‍ഥിനിയുടെ വായ്പയുമായി ബന്ധപ്പെട്ട രേഖകളില്‍ തിരിമറി നടത്താതിരിക്കാനും ഫയലുകള്‍ മാറ്റാതിരിക്കാനും ബാങ്ക് പൂട്ടി പൊലീസ് മുദ്രവെച്ചു.

കോട്ടയം വെസ്റ്റ് സി.ഐ.എ.ജെ.തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ബാങ്കില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ പ്രകാരം ശ്രുതിക്ക് വായ്പ അനുവദിച്ചത് ആത്മഹത്യക്ക്ശ്രമിച്ചശേഷമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ അന്വേഷണത്തിലാണ് ശാസ്ത്രി റോഡിലെ കോട്ടയം എച്ച്.ഡി.എഫ്.സി ബ്രാഞ്ചിലെ മാനേജര്‍ക്കും പങ്കുള്ളതായി ബോധ്യപ്പെട്ടത്.ആത്മഹത്യ ചെയ്ത ശ്രുതിയുടെ അപേക്ഷ നിരസിച്ച കത്തില്‍ ഒപ്പിട്ടത് ജോബിന്‍സെനെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതിയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

വിദ്യാഭ്യാസവായ്പാ നിഷേധവും ആത്മഹത്യയും അടക്കമുള്ള സമാനസംഭവങ്ങളില്‍ ബാങ്ക് മാനേജര്‍ ജയിലിലാകുന്നത് കേരളത്തില്‍ ആദ്യസംഭവമാണെന്ന് പോലീസ്‌വൃത്തങ്ങള്‍ പറഞ്ഞു. ശ്രുതിയുടെ അപേക്ഷ നിയമവിരുദ്ധമായാണ് നിരസിച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാനേജര്‍മാര്‍ പ്രതികളായത്.ശ്രുതിയുടെ അമ്മയ്ക്ക് ഇതേ ബാങ്കില്‍ മറ്റൊരു ലോണിന്റെ കുടിശ്ശിക ഉണ്ടെന്നും അതുകൊണ്ട് വായ്പ തരാന്‍ പറ്റില്ലെന്നുമായിരുന്നു ബാങ്കിന്റെ ആദ്യനിലപാട്. എന്നാല്‍ കുട്ടിക്കുവേണ്ടി വായ്പയ്ക്ക് ജാമ്യം നിന്നത് അച്ഛനായിരുന്നു. അച്ഛന് ബാധ്യതകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വായ്പ നിഷേധിച്ചത് ബാങ്കിങ് നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് കണ്ടെത്തി.

ശ്രുതി പ്ലസ്ടു, സേ പരീക്ഷയെഴുതിയാണ് ജയിച്ചതെന്നും അതുകൊണ്ട് വായ്പ തരാന്‍ പറ്റില്ലെന്നുമായിരുന്നു അടുത്തതായി ബാങ്ക് സ്വീകരിച്ച നിലപാട്. എന്നാല്‍ ബാങ്കിങ് നിയമത്തില്‍ ഇങ്ങനെ വ്യവസ്ഥയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.