സഹോദരിയോ മകളോ ഒളിച്ചോടുകയാണെങ്കില്‍ ഒന്നുകില്‍ അവളെ കൊല്ലണമെന്നും അല്ലെങ്കില്‍ ഒളിച്ചോട്ടത്തില്‍ ലജ്ജിച്ച് ആത്മഹത്യ ചെയ്യണമെന്നുമുള്ള ഉത്തര്‍പ്രദേശ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ സഹ്റന്‍പുര്‍ മേഖലയിലെ ഡി.ഐ.ജി സതീഷ്കുമാര്‍ മധുര് ആണ് അഭിമാനഹത്യയെ ന്യായീകരിക്കുന്ന വിധം സംസാരിച്ചിരിക്കുന്നത്.
ഔദ്യോഗിക ചുമതലയുടെ ഭാഗമായി ഡി.ഐ.ജി പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്. പ്രഭുദ്നഗര് ജില്ലയിലെ കസേര്വാ ഗ്രാമത്തിലുള്ള ഷൗക്കീന്‍ മുഹമ്മദ് എന്നയാള്‍ തന്റെ പതിനാലുകാരിയായ മകള്‍ ഇഷ്രത് ജഹാനെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച പരാതി പരിഗണിക്കുന്നതിനിടെയാണ് സതീഷ് കുമാര്‍ മധുര് ഇപ്രകാരം പ്രതികരിച്ചത്.
‘നിങ്ങളുടെ മകളെ കണ്ടെത്തിത്തരാനുള്ള മന്ത്രവിദ്യയൊന്നും എന്റെ പക്കലില്ല. നിങ്ങളുടെ മകള്‍ ഒളിച്ചോടിപ്പോയെങ്കില്, അതില്‍ നാണക്കേട് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ആത്മഹത്യ ചെയ്യുക. എന്റെ സഹോദരി ഒളിച്ചോടിയാല്‍ ഒന്നുകില്‍ ഞാനവളെ വെടിവെച്ചുകൊല്ലും അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും- ഡിഐജി പറഞ്ഞു.
ഡി.ഐ.ജി ഇപ്രകാരം പറയുന്നത് അവിടെയുണ്ടായിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ചാനലുകള്‍ ഇത് ആവര്‍ത്തിച്ച്് സംപ്രേക്ഷണം ചെയ്തതോടെയാണ് പരാമര്‍ശം വിവാദമായത്. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഡി.ഐ.ജി ഒഴിഞ്ഞുമാറി.
ഒന്നരമാസം മുമ്പാണ് ഇഷ്രത് ജഹാനെ ഗ്രാമത്തില്‍നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള രണ്ട് യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്. കേസില്‍ പൊലീസിന് ഇതുവരെ യാതൊന്നും ചെയ്യാനായിട്ടില്ല. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ദേശീയ വനിതാകമ്മീഷനും ആഭ്യന്തര മന്ത്രാലയവും ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല