റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ചത് മൂന്നുപേര്‍ ചേര്‍ന്നാണെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ പി.രാമചന്ദ്രന്. ഇന്നോവ കാറിലാണ് സംഘമെത്തിയതെന്നും രാമചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
ഒരാളുടെ കൈവശം വാള്, ഉയരം കൂടിയ ഒരാളുടെ കൈയില്‍ ഇരുമ്പുവടിയോ പട്ടികയോ, തൊട്ടു പിന്നിലെ ആളുടെ കൈവശം വ്യക്തമാവാത്ത എന്തോ ആയുധവുമുണ്ടായിരുന്നു. അത് എന്തെന്ന് വ്യക്തമായില്ല. അക്രമം മൂന്നുമിനിറ്റേ നീണ്ടു നിന്നുള്ളു.
ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ ബോംബെറിഞ്ഞു. കെഎല്‍ 11 എവൈ 97 എന്ന നമ്പറിലുള്ള വാഹനത്തിലാണ് അക്രമികള്‍ വന്നത്. എന്നാലിത് വ്യാജമാണെന്നു പിന്നീടു തെളിഞ്ഞു. അക്രമികള്‍ വന്ന വാഹനം ചന്ദ്രശേഖരന്റെ ബൈക്കിനെ ഇടിച്ചിട്ടു. ആക്രമണം മൂന്നു മിനിറ്റില്‍ പൂര്‍ത്തിയായെന്നും പി.രാമചന്ദ്രന് പറഞ്ഞു.
അക്രമണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ രക്ഷിക്കാനായി പോയെങ്കിലും പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാഹനത്തില്‍ കയറി ഒര്‍ക്കാട്ടേരി ഭാഗത്തേക്ക് പോകുകയായിരുന്നു.
മുഖത്തു വെട്ടേറ്റതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാലും പരിചയമുള്ള ആളാണെന്നു തോന്നിയിരുന്നു. ടി.പി. ചന്ദ്രശേഖരന് ആണെന്നു സംശയം തോന്നിയിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ചെന്നും മനസ്സിലായി. പൊലീസ് വന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. വീട്ടിലെത്തി ടിവി നോക്കിയപ്പോഴാണ് മരിച്ചത് ചന്ദ്രശേഖരനാണെന്ന് മനസ്സിലായത്. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും രാമചന്ദ്രന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല