റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവായി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചുവന്നത്. രണ്ടു ദിവസത്തിനകം അന്വേഷണം പൂര്‍ണമായും ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലാവും. നിലവിലെ അന്വേഷണ സംഘം മാറില്ലെങ്കിലും ഉദ്യോഗസ്ഥരുടെ ചുമതല മാറും. രണ്ടു ദിവസം മുമ്പ് ഇറങ്ങിയ ഉത്തരവ് ആഭ്യന്തര വകുപ്പ് രഹസ്യമാക്കി വെച്ചിരിക്കയാണ്.
എ.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസ് കണ്ടെത്തിയ തെളിവുകള്‍ ക്രോഡീകരിച്ച് രേഖയാക്കി തുടങ്ങി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആരെല്ലാം, കൊലക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്സ്, ചില നേതാക്കള്‍ക്കുള്ള പങ്ക്, ഗൂഢാലോചന നടന്ന സ്ഥലം, അക്രമികള്‍ക്ക് വിവിധ സഹായം ചെയ്തവര്‍ ആരെല്ലാം തുടങ്ങി നിരവധി തെളിവുകള്‍ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. ഇവയത്രയും ഫയലാക്കി ഉടന്‍ ഔദ്യോഗികമായി ക്രൈംബ്രാഞ്ചിന് കൈമാറും.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആഭ്യന്തരമന്ത്രി നിര്‍ബന്ധിതനായെന്നാണ് അറിയുന്നത്.ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പലതവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ കൊലപാതകമല്ല, ചിലരുടെ സ്വകാര്യ ലാഭമാണെന്നായിരുന്നു തുടക്കം മുതല്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ നിലപാട്. ഡി.ജി.പി പറഞ്ഞതാണ് ശരിയെന്ന് ഞായറാഴ്ച ആഭ്യന്തര മന്ത്രി തിരുത്തുകയു ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല