നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ പ്രശസ്ത ബാലതാരം തരുണി സച്ച്ദേവും(13) ഉള്‍പ്പെട്ടതായി വിവരം. കുട്ടിയുടെ അമ്മ ഗീതാ സച്ച്ദേവും അപകടത്തില്‍ മരിച്ചു. 50 ഓളം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തരുണി മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ പാ അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള തരുണി മുംബൈ സ്വദേശിയാണ്
വിമാനാപകടത്തില്‍11 ഇന്ത്യക്കാരടക്കം 15 പേരാണ് മരിച്ചത്. അഞ്ച് ഇന്ത്യക്കാരടക്കം ആറ് പേര്‍ രക്ഷപ്പെട്ടു. ജോംസോം വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനം പര്‍വത നിരയില്‍ തട്ടി തകരുകയായിരുന്നു.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. 21 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മരണപ്പെട്ടവരില്‍ രണ്ട് പേര്‍ നേപ്പാളികളും രണ്ട് പേര്‍ ഡച്ചുകാരുമാണ്. രക്ഷപ്പെട്ടവരിലൊരാള്‍ ിമാനത്തിലെ ജോലിക്കാരനാണ്.
നേപ്പാളിലെ മുസ്താങ് ജില്ലയിലെ ജോംസോമില്‍ തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി പോയവരാണ് അപകടത്തില്‍പെട്ടത്. 60 കിലോ മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്രക്കിടയിലായിരുന്നു അപകടം. വിമാനത്തിലെ പൈലറ്റും സഹപൈലറ്റും മരിച്ചവരില്‍ പെടും. അഗ്നി എയറിന്റെ ഡോബിയര്‍ ഡിഒ 228 വിമാനമാണ് അപകടത്തില്‍പെട്ടത്.
ജോസോം വിമാനത്താവളത്തിന് സമീപത്തായുള്ള മുക്തിനാഥ് ക്ഷേത്രം ഇന്ത്യക്കാര്‍ക്കും നേപ്പാളികള്‍ക്കുമിടയില്‍ കീര്‍ത്തികേട്ട തീര്‍ഥാടന കേന്ദ്രമാണ്. വിമാനത്താവളത്തില്‍ നിന്നും ആറു മണിക്കൂര്‍ നടന്നാണ് ക്ഷേത്രത്തിലെത്തുക. യാത്രക്കാര്‍ ഇവിടേക്ക് വന്നിരുന്നതാണെന്നാണ് കരുതപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2,600 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല