1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2012

രാഷ്ട്രീയ കേരളത്തെ നടുക്കിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സിബിഐക്കു വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ-മാധ്യമ അജണ്ടകള്‍ കേരള പൊലീസിനെ സമ്മര്‍ദത്തിലാഴ്ത്തുന്ന സാഹചര്യത്തിലാണ് ഈ വഴിയ്ക്ക് ആലോചനകള്‍ നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം യഥാര്‍ത്ഥപ്രതികളിലേക്കല്ല നീളുന്നതെന്ന് എന്ന സംശയം സര്‍ക്കാരിനെയും വിഷമവൃത്തത്തിലാക്കുന്നുണ്ട്. അന്വേഷണസംഘത്തില്‍ ഭിന്നിപ്പുണ്ടെന്ന് വെളിപ്പെടുത്തലുകളും സിബിഐയെ ആശ്രയിക്കാന്‍ സര്‍ക്കാരിന് പ്രേരകമാവുന്നുണ്ട്.

ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ പാലീസ് സേന അതീവ സമ്മര്‍ദ്ദത്തിലാണ്. സംഭവം നടന്ന് ആദ്യ മണിക്കൂറുകളില്‍ തന്നെ രാഷ്ട്രീയ കൊലപാതകമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും നിലപാടെടുത്തിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നും മുന്‍കൂട്ടി സ്ഥാപിയ്ക്കപ്പെട്ടു.

യുഡിഎഫ് നേതൃത്വവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും മാധ്യമങ്ങളും ഈ നിലപാട് പരസ്യമായി ഏറ്റെടുത്തതോടെ അന്വേഷണം മുന്‍വിധിയോയെയാണ് നടക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്്. എന്നാല്‍ ഈ നിലപാടിനെ അനുകൂലിയ്ക്കാനാവില്ലെന്ന നിലയ്ക്കാണ് തുടക്കം മുതല്‍ ഡിജിപിയടക്കമുള്ളവരുടെ പ്രതികരണങ്ങള്‍. സര്‍ക്കാരും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്ന പ്രതികളെത്തേടിയിറങ്ങുക എന്ന നിലയിലേക്ക് അന്വേഷണം പോകരുതെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇതോടെ പൊലീസും സര്‍ക്കാരും രണ്ടുതട്ടിലെന്ന ആരോപണവുമായി പ്രതിരോധത്തിനിറങ്ങാന്‍ ഇതു സിപിഎമ്മിനെ സഹായിക്കുമെന്നും കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്.. ഇപ്പോള്‍ നടക്കുന്ന അന്വേഷണം യഥാര്‍ഥ പ്രതികളിലേക്ക് ഇനിയും എത്തിയിട്ടില്ല എന്നത് സംസ്ഥാന സര്‍ക്കാരിനെയും സമ്മര്‍ദത്തിലാഴ്ത്തുന്നു.

പ്രശ്‌നങ്ങള്‍ ആറിത്തണുക്കുന്നതിന് സിബിഐ അന്വേഷണവും അതില്‍ സ്വാഭാവികമായി വരാവുന്ന കാലതാമസവും പ്രയോജനപ്പെടുമെന്നും സര്‍ക്കാരിന് ഉപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് ശേഷമേ ഇങ്ങനെയൊരു നീക്കമുണ്ടാവുകയെന്നും അറിയുന്നു. ധൃതി പിടിച്ച് അന്വേഷണം സിബിഐയ്ക്ക് വിട്ടാല്‍ അത് പൊലീസ് സേനയുടെ വിശ്വാസ്യത ഇടിച്ചുതാഴ്ത്തുമെന്നൊരു പ്രശ്‌നവും സര്‍ക്കാരിന് മുന്നിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.