1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ അഞ്ചുപേരെ വടകര ഗവ. ജില്ലാ ആസ്​പത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ ജനരോഷം അണപൊട്ടി. ബുധനാഴ്ച രാവിലെ 10.30-ഓടെയാണ് അഞ്ചുപേരെയും വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഓഫീസില്‍നിന്നും കനത്ത പോലീസ് അകമ്പടിയോടെ ആസ്​പത്രിയിലെത്തിച്ചത്. മാധ്യമപ്പടയും ഒപ്പമെത്തിയതോടെ വാര്‍ത്ത പെട്ടെന്നുതന്നെ പരന്നു. ഇതോടെ ആസ്​പത്രിയിലെ അത്യാഹിത വിഭാഗം പരിസരം ജനങ്ങളാല്‍ നിറഞ്ഞു.

ആദ്യം പരിശോധനയ്ക്കായി അകത്ത് കയറ്റിയത് ലംബുപ്രദീപിനെയായിരുന്നു. പിന്നാലെ സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പറയങ്കണ്ടി രവീന്ദ്രനെ പുറത്തിറക്കി. രമീഷ്, രജിത്ത്. ദിപിന്‍ എന്നിവരെ ഒന്നിച്ചാണ് കൊണ്ടുപോയത്. എല്ലാവരും മുഖം കൈകൊണ്ട് മറച്ചാണ് ആസ്​പത്രിയിലേക്ക് കയറിയത്. ‘കൈ മാറ്റ്’ എന്ന ആക്രോശം അപ്പോള്‍ത്തന്നെ ജനങ്ങളില്‍നിന്നും ഉയര്‍ന്നു.

കാഷ്വലിറ്റിയിലുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ഓരോരുത്തരെയായി പരിശോധിച്ചുകൊണ്ടിരിക്കെ ജനാലയ്ക്കു ചുറ്റും ജനം നിറഞ്ഞു. രവീന്ദ്രനെ പരിശോധിക്കവേ ആക്രോശങ്ങള്‍ ശക്തമായി. ”എന്നാല്‍ നീ ടി.പി.യെ കാണിച്ചുകൊടുത്തല്ലോ രവീന്ദ്രാ….’-ഈ വിളികളാണ് അധികവും ഉയര്‍ന്നത്.
പല ഭാഗങ്ങളില്‍നിന്നായി ആസ്​പത്രിയില്‍ വന്ന സ്ത്രീകള്‍ ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെയാണ് കൊണ്ടുവന്നതെന്നറിഞ്ഞ് അവരെ കാണാന്‍ കാത്തുനിന്നു. പ്രതികളില്‍ പലരും മുഖം പൊത്തിയപ്പോള്‍ ഒരു സ്ത്രീ ഉച്ചത്തില്‍ പറഞ്ഞു. ”കൈ മാറ്റെടോ…..കൊല്ലുമ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ…..”

അറസ്റ്റിലായ അഞ്ച്‌ പേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കുണ്ടമംഗലം ഒന്നാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയിലാണ്‌ പ്രതികളെ ഹാജരാക്കിയത്‌. അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പടയങ്കണ്ടി രവീന്ദ്രനടക്കം നാല്‌ പ്രതികളെ കോടതി പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി ലംബു എന്ന പ്രദീപനെ കോടതി റിമാന്‍ഡ്‌ ചെയ്തു.

നാല്‌ സിപിഎമ്മുകാര്‍ കൂടി അറസ്റ്റില്‍

ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെ നാല്‌ സിപിഎമ്മുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്തു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പതായി.കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കാവില്‍ പറമ്പത്ത്‌ വീട്ടില്‍ ബാബൂട്ടി എന്ന കെ.സി. രാമചന്ദ്രന്‍ (52), അഴിയൂര്‍- കോറോത്ത്‌ റോഡില്‍ പാറമ്മല്‍ മീത്തല്‍ ദില്‍ഷാദ്‌ (27), അഴിയൂര്‍ – കോറോത്ത്‌ റോഡില്‍ പാറപ്പുറത്ത്‌ മുഹമ്മദ്‌ ഫൈസല്‍ (27), കൂത്തുപറമ്പ്‌ പൊന്ന്യം കുണ്ടുച്ചിറ മുരുക്കോളി ചന്ദ്രന്റെ മകന്‍ സനു എന്ന സനീഷ്‌ (27) എന്നിവരുടെ അറസ്റ്റാണ്‌ പ്രത്യേക അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്‌.

ലോക്കല്‍ കമ്മറ്റി അംഗമായ കെ.സി. രാമചന്ദ്രനെ കഴിഞ്ഞ ദിവസം തന്നെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്ന്‌ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ്‌ സൂചന. ഗൂഢാലോചനയുടെ തുടക്കം മുതല്‍ രാമചന്ദ്രന്‍ പങ്കെടുത്തതായി പോലീസ്‌ അറിയിച്ചു. പ്രതികള്‍ക്ക്‌ സാമ്പത്തിക സഹായം എത്തിച്ചതും രാമചന്ദ്രനാണ്‌. റെവല്യൂഷണറി പാര്‍ട്ടി നേതാവ്‌ ബാലനെ ആക്രമിച്ച കേസിലും പ്രതിയാണ്‌ ഇയാള്‍. ദില്‍ഷാദിന്റെ വീട്ടില്‍ കൊലപാതകത്തിന്റെ ആസൂത്രണം നടന്നിട്ടുണ്ട്‌. ആയുധങ്ങള്‍ എത്തിക്കാനും സിം കാര്‍ഡുകള്‍ സംഘടിപ്പിക്കാനും ദില്‍ഷാദിനൊപ്പം ഫൈസലും പങ്കുചേര്‍ന്നു. പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയും ബൈക്കും എത്തിച്ചുകൊടുക്കുകയാണ്‌ സനീഷ്‌ ചെയ്തതെന്നും പോലീസ്‌ അറിയിച്ചു. എ.ഡി.ജി.പി വിന്‍സെന്റ്‌ എം.പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.