കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള ബ്ലോക്കുകളുടെ ചുമരില്‍ പതിച്ചിട്ടുള്ള ചിത്രങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. ആകെ 350 ചിത്രങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. സി.പി.എം നേതാക്കളുടേതിന് പുറമെ ദൈവങ്ങളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങളുമുണ്ട്. മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ കണ്ടെത്താനായില്ല. ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച ജയില്‍ എ.ഡി.ജി.പി. ഡോ. അലക്സാണ്ടര്‍ ജേക്കബിന് കൈമാറി.
ഒന്നുമുതല്‍ പത്തുവരെയുള്ള ബ്ലോക്കുകളില്‍ അറ്റകുറ്റപ്പണിയിലുള്ള രണ്ട്, മൂന്ന് ഒഴികെയുള്ളവയിലെല്ലാം ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. പ്രധാനമായും സി.പി.എം. തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്കിലാണ് പാര്‍ട്ടിനേതാക്കളുടെ ചിത്രം. ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ഇ.എം.എസ്., എ.കെ.ജി., എ.കണാരന്, പിണറായി വിജയന് തുടങ്ങിയവരുടെയും ചെഗുവേരയുടെയും മറ്റും ചിത്രങ്ങളാണ് ഇവിടെ പതിച്ചിട്ടുള്ളത്. ബ്ലോക്കിലേക്കുള്ള പ്രവേശന വഴിയില്‍ ‘കോമ്രേഡ് വി.ജി. ബാബുവിന്റെ സ്മരണയ്ക്ക്’ എന്നെഴുതിയ സ്മാരക ബെഞ്ചുമുണ്ട്.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മെയ് 21-ന് സെന്‍ട്രല്‍ ജയിലിലെത്തിയപ്പോള്‍ എട്ടാം ബ്ലോക്കും സന്ദര്‍ശിച്ചിരുന്നു. ബ്ലോക്കിന്റെ ചുമരുകളിലെ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ മന്ത്രി നേരിട്ട് കണ്ടിരുന്നു. ജയിലില്‍ നിയമവിരുദ്ധമായി ചിത്രങ്ങള്‍ പതിച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് കണക്കെടുക്കാന്‍ ജയില്‍ എ.ഡി.ജി.പി നിര്‍ദേശം നല്‍കിയത്. ചിത്രങ്ങള്‍ നീക്കംചെയ്യാന്‍ നിര്ദേശമുണ്ടാകുമെന്നാണറിയുന്നുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല