രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിലൂടെ വിവാദ നായകനായി മാറിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി തുടര്‍ച്ചയായ അഞ്ചാംദിവസവും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല.പാര്‍ട്ടിയുടെ ഔദ്യോഗികവാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലും ടാക്സിയിലുമാണ് മണി ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചവരും നിരാശരായി. മൊബൈല്‍ ഫോണ്‍ അഞ്ചാം ദിവസവും സ്വിച്ച്ഡ് ഓഫ് ആണ്.
പാര്‍ട്ടി നിര്‍ദേശമനുസരിച്ചാണ് മണി പൊതുരംഗത്തു നിന്ന് മാറിനില്‍ക്കുന്നതെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി കൂടുതല്‍ വിവാദം ക്ഷണിച്ച് വരുത്തേണ്ടന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. പൊതുവേദികളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും അവര്‍ കരുതുന്നു. മണി ഇടുക്കിയില്‍ തന്നെയുണ്ടെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകരും സ്പെഷല്‍ ബ്രാഞ്ച് പോലീസും പറയുന്നത്.
അതേസമയം ചോദ്യം ചെയ്യലിനായി എംഎം മണി ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
നോട്ടീസ് മണിക്ക് നേരിട്ട് കൈമാറുമെന്ന് പോലീസ് അറിയിച്ചു. മണി ഒളിവില്‍ പോയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല