വെള്ളിയാഴ്ച പുലര്‍ച്ചെ ആസ്ട്രേലിയയിലെ മെല്‍ബണില്‍ തീപിടുത്തത്തില്‍ ഭാര്യയും കുട്ടികളും മരിച്ച വീട്ടിലേക്ക് ഗൃഹനാഥന് ജോര്‍ജ് ഫിലിപ്പ് എത്തി.പ്രായമായ അമ്മയെ സന്ദര്‍ശിക്കാന്‍ മെയ് 22-ന് കേരളത്തില്‍ എത്തിയ ജോര്‍ജ് തന്റെ പ്രിയപ്പെട്ടവര്‍ക്ക് സംഭവിച്ച അത്യാഹിതം അറിയാതെയാണ് വെള്ളിയാഴ്ച ആസ്ട്രേലിയയിലേക്ക് തിരികെ പോയത്.ശനിയാഴ്ച എയര്‍പോട്ടില്‍ എത്തിയ ജോര്‍ജിനെ കാത്തു നിന്ന പോലീസാണ് വിവരം അറിയിച്ചത്.സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊപ്പം വീട്ടിലെത്തിയ ജോര്‍ജ് വിങ്ങിപ്പൊട്ടി.തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടി വീടും പരിസരവും പോലീസ് വളഞ്ഞു കെട്ടിയതിനാല്‍ പുറത്തു നിന്നാണ് ജോര്‍ജ് കത്തിയമര്‍ന്ന വീട് കണ്ടത്.
അതേസമയം അമ്മയും രണ്ടുമക്കളും മരിച്ചത് ആത്മഹത്യയാണെന്ന് സംശയം പോലീസ് പ്രകടിപ്പിച്ചു.. വീട്ടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ടൊയോട്ട കാംറി കാറില്‍ നിന്നൊരു കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. എന്നാല്‍ കുറിപ്പിലെ ഉള്ളടക്കം വെളിപ്പെടുത്താന്‍ പോലീസ് തയാറായില്ല.മൂന്നുപേരുടെയും മൃതദേഹങ്ങള്‍ വീട്ടിന്റെ പുറകിലത്തെ മുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മക്കളെ വധിച്ചശേഷം അമ്മ ആത്മഹത്യ ചെയ്തതാണോയെന്നും സംശയമുണ്ടെന്ന് മെല്‍ബണ്‍ പോലീസ് അറിയിച്ചു.കൂടതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യയിലും കാനഡയിലും അന്വേഷണം നടത്തും.
മെല്‍ബണ്‍ ക്ലെയിന്ടണ് സൗത്ത് മെയിന്‍ റോഡിലെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടോ വീട്ടിലെ നെരിപ്പോടില്‍നിന്ന് തീപടര്‍ന്നതോ ആകാം അപകടകാരണമെന്നായിരുന്നു ആദ്യം കരുതിയത്. ജനല്‍പ്പാളി തകര്‍ത്ത് രക്ഷാപ്രവര്‍ത്തകര്‍ അകത്തുകടന്നെങ്കിലും രക്ഷിക്കാനായില്ല.
മുണ്ടക്കയം മുപ്പത്തൊന്നാംമൈല്‍ മനയില്‍ വീട്ടില്‍ ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ അനിത ജോര്‍ജ് (37), മക്കളായ ഫിലിപ്പ് ജോര്‍ജ് (10), മാത്യു ജോര്‍ജ് (6) എന്നിവരാണ് മരിച്ചത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല