കുത്തനെ കൂട്ടിയ പെട്രോള്‍ വില എണ്ണക്കമ്പനികള്‍ ഭാഗികമായി കുറച്ചു. ലിറ്ററിന് രണ്ടു രൂപയോളമാണ് കുറയുക. എണ്ണക്കമ്പനികള്‍ നികുതി ഒഴികെ 1.68 പൈസയാണ് കുറച്ചത്. പുതിയ നിരക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ 72.08 രൂപയും വയനാട്ടില്‍ 72.54 രൂപയുമാണ് പെട്രോള്‍ വില. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. പെട്രോള്‍ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണ് മേയ് 23ന് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചത്. നികുതി ഉള്‍പ്പെടെ ലിറ്ററിന് 7.22 പൈസ മുതല്‍ 8.35 രൂപ വരെ കൂടി. കേരളത്തില്‍ എട്ടു രൂപയാണ് കൂടിയത്.
മുംബൈയില്‍ ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗമാണ് വിലവര്‍ധന ഭാഗികമായി കുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എല്ലാ മാസവും ഒന്നാം തീയതിയും 16ാം തീയതിയും ക്രൂഡ് ഓയില്‍ വിലയും രൂപയുടെ മൂല്യവും കണക്കാക്കി പെട്രോള്‍ വില എണ്ണക്കമ്പനികള്‍ പുനരവലോകനം ചെയ്യാറുണ്ട്. ഏറ്റവും ഒടുവില്‍ വില പുനരവലോകനം ചെയ്തപ്പോള്‍ ക്രൂഡ് ഓയില്‍ വിലയില്‍ ലഭിച്ച കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിച്ചു. പെട്രോള്‍ വില കൂട്ടാനുള്ള തീരുമാനമെടുക്കുമ്പോള്‍ മേയ് 23ന് ക്രൂഡ് ഓയില്‍ വില ബാരലിന് 124 ഡോളര്‍ എന്ന നിലയിലായിരുന്നു. ഇപ്പോള്‍ അത് 100 ഡോളറിലും താഴെയായി കുറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല