പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി വകവരുത്തിയെന്ന് വിവാദ പ്രസംഗം നടത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരായ നടപടി സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും. ഞായറാഴ്ച ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയാവുക. വൈക്കം വിശ്വന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍ എത്താന്‍ ഇടയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പൊളിറ്റ് ബ്യൂറോ നടപടിക്ക് ശിപാര്‍ശ ചെയ്ത സാഹചര്യത്തില്‍ മണി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ താന്‍ രാജിവെക്കില്ലെന്ന് സ്വകാര്യ ചാനലിനോട് എം.എം മണി പറഞ്ഞു. സെക്രട്ടറി എന്ന നിലയില്‍ പിബി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസംഗത്തില്‍ പിഴവുണ്ടായെന്നാണ് വിലയിരുത്തിയതെന്നുമാണ് മണിയുടെ നിലപാട്. താന്‍ ഒളിവിലല്ലെന്നും വിവാദമുണ്ടാക്കേണ്ടെന്ന് കരുതിയാണ് മധ്യമങ്ങള്‍ക്ക് മുഖം നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ മണി പങ്കെടുക്കുന്നുണ്ട്.
നടപടി വരുന്നതിന് മുമ്പ് സ്വയം രാജിവെക്കുന്നതാവും നല്ലതെന്ന ഉപദേശമാണ് മണിക്ക് ലഭിച്ചിട്ടുള്ളതെന്നറിയുന്നു. വിവാദപ്രസംഗം നയവ്യതിയാനമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സൂചിപ്പിച്ചിരിക്കെ മണിക്ക് മുന്നില്‍ മറ്റൊരു സാധ്യത നിലനില്‍ക്കുന്നില്ല. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം മണിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല