താന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും മണി വ്യക്തമാക്കി. “ഞാന്‍ ഒളിവിലായിരുന്നില്ല. വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവാദങ്ങളില്‍ പെടാതെ മാറിനില്‍ക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനമൊഴിയുമെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. മാധ്യമങ്ങളാണ് വിവാദങ്ങളുണ്ടാക്കിയത്. ഇന്നു മുതല്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ വീണ്ടും സജീവമാകും”- മണി പറഞ്ഞു.
“ഒരു പ്രസംഗത്തിന്റെ പേരില്‍ ഒതുക്കാമെന്ന് ആരും കരുതേണ്ട. പാര്‍ട്ടി പോളിറ്റ് ബ്യൂറോ എന്നെ തള്ളിപ്പറഞ്ഞിട്ടില്ല. പ്രസംഗത്തിലെ പിഴവ് ചൂണിക്കാണിക്കുക മാത്രമാണ് പിബി ചെയ്തത്. അത് അംഗീകരിക്കുന്നു. 46 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പാര്‍ട്ടി പറഞ്ഞാല്‍ മാറും”.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പിടി തോമസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്. കേസുകളെ കോടതിയില്‍ നേരിടും. അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമോ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും മണി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല