പ്രണയനൈരാശ്യത്തില്‍ നാടുവിട്ട യുവാവ് അനുനയിപ്പിക്കാനെത്തിയ കാമുകിയെ കുത്തി. പരിക്കേറ്റ ഇടവ എന്‍.എസ്.മന്‍സിലില്‍ തസ്നി(21)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഇവരുടെ നില ഗുരുതരമാണ്. അക്രമം കാട്ടിയ വര്‍ക്കല പുല്ലാനിക്കോട് അടച്ചിവിളവീട്ടില് നൗഫലി(21)നെ റെയില്‍വേ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ ഏഴാംനമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവങ്ങള്‍. പോലീസ് പറയുന്നതിങ്ങനെ.
നൗഫലും തസ്നിയും ഏറെനാളായി അടുപ്പത്തിലായിരുന്നു. തസ്നിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. തസ്നി തന്നോടൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ട് നൗഫല്‍ മൂന്നുദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തി ബഹളംവച്ചു. എന്നാല്‍ തസ്നി ആവശ്യം നിരസിച്ചു. ഇതില്‍ മനംനൊന്ത നൗഫല്‍ നാടുവിട്ടു. നൗഫലിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ വര്‍ക്കല പോലീസില്‍ പരാതിയും നല്കി.
നാടുവിട്ടുപോയ നൗഫലിനെ കണ്ടെത്താനും അനുനയിപ്പിക്കാനുമായി ബന്ധുക്കളുടെ ആവശ്യപ്രകാരം തസ്നി നൗഫലിനെ ഫോണില്‍ വിളിക്കുകയും ഒപ്പം ചെല്ലാന്‍ സമ്മതമറിയിക്കുകയും ചെയ്തു. കാമുകിയുടെ വാക്കു വിശ്വസിച്ച്, താന്‍ കൊല്ലത്തുണ്ടെന്ന് വെളിപ്പെടുത്തിയ നൗഫല്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ യുവതി എത്തുന്നത് കാത്തുനിന്നു. എന്നാല്‍ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ 5.45ന് എത്തിയ പാസഞ്ചര്‍ ട്രെയിനില്‍ തസ്നിക്കൊപ്പം തന്റെ ബന്ധുക്കളെയും കണ്ടപ്പോഴേക്കും നൗഫലിന് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് ബോധ്യമായി. താന്‍ അപമാനിക്കപ്പെട്ടെന്നും തന്റെ ജീവിതം നശിച്ചെന്നും ആക്രോശിച്ച നൗഫല്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് തസ്നിയെ തലങ്ങും വിലങ്ങും കുത്തി. മുതുകത്തും പുറത്തുമായി നാലു കുത്തുകളേറ്റു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരും തസ്നിക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളും കാഴ്ചകണ്ട് സ്തബ്ധരായി. സ്ഥലത്തുണ്ടായിരുന്ന റെയില്‍വേ പോലീസ് ഉടന്‍തന്നെ നൗഫലിനെ പിടികൂടി. തസ്നിയെ ജില്ലാ ആസ്പത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല