യുക്മയുടെ ദേശീയ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഉടന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയതിനെ തുടര്‍ന്ന് സെക്രട്ടറി അബ്രഹാം ലൂക്കോസ് വിശദീകരണവുമായി രംഗത്ത് വന്നു.ജെനറല്‍ ബോഡി തീരുമാനങ്ങള്‍ രണ്ടര മാസം പൂഴ്ത്തി വച്ചതിനെയും അജണ്ട കൂടാതെ ജെനെറല്‍ ബോഡി വിളിച്ചതിനെയും ഭരണഘടനയ്ക്ക് വിരുദ്ധമായി തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ ശ്രമിക്കുന്നതിനെയും പറ്റി ഒരു വാക്ക് പോലും പരാമര്‍ശിക്കാത്ത വിശദീകരണക്കുറിപ്പ് യുക്മയുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പുതിയ ഭരണസമിതിക്ക് വേണ്ടി കാത്തിരിക്കാമെന്ന് പറഞ്ഞാണ് സംഗ്രഹിച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പ് എന്നായിരിക്കുമെന്ന സൂചനയില്ലെങ്കിലും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച പ്രവര്‍ത്തന കലണ്ടറിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നതിനാല്‍ കലണ്ടര്‍ പ്രകാരമുള്ള ജൂലൈ 8 ന് തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വേണം കരുതുവാന്‍.
പത്രക്കുറിപ്പ് അതേപടി ചുവടെ കൊടുക്കുന്നു
യു കെയിലുള്ള എല്ലാ മലയാളി സമൂഹവും ഈയിടെയായി പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ വാര്‍ത്തകളുടെ സത്യാവസ്ഥ തെരയുന്ന നിങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ തികച്ചും യാദൃശ്ചികമായി ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ഒരു സാധാരണക്കാരന് എന്ന നിലക്ക് എന്റെ എളിയ കഴിവിനും സമയപരിധിയിലും നിന്നുകൊണ്ട് തികച്ചും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ മനസാക്ഷി മരവിക്കാത്ത ഒരു വിഭാഗം മലയാളികള്‍ മാത്രം വായിച്ചറിയുവാന്‍ ഒരു തുറന്ന കത്ത്.
2011ല്‍ യുക്മ നാഷണല്‍ ഇലക്ഷനില്‍ ഞാന്‍ ഉള്‍പ്പെടുന്ന ഭരണസമിതിയെ പ്രസിഡന്റ് ഒഴികെ മറ്റെല്ലാവരും എതിരില്ലാതെ അവരവരുടെ ഇഷ്ടപ്രകാരം നോമിനേഷന് കൊടുത്ത് ഭാരവാഹിത്വം ഏറ്റെടുത്തിട്ടുള്ളവരാണ്. അന്ന് ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ പിന്തുണയും മാധ്യമങ്ങളുടെ സപ്പോര്‍ട്ടും മൂലം ഒരു ചിട്ടയായ പ്രവര്‍ത്തനം യുക്മ മുഖേന യു കെ മലയാളികള്‍ക്ക് എന്തെങ്കിലും പ്രയോജനങ്ങള്‍ ലഭിക്കത്തക്കതരത്തില്‍ ഒരു വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും അതിന് കൃത്യമായ ഒരു കലണ്ടര്‍ തന്നെ നിര്‍മ്മിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.
യുക്മയുടെ ആദ്യപരിപാടിയും യു കെ മലയാളികളുടെ ഏറ്റവും പ്രധാന പരിപാടിയുമെന്ന നിലയില്‍ റീജിയണല്‍ തലത്തിലും നാഷണല്‍ തലത്തിലും കലാമേളകള്‍ക്ക് തിയതികള്‍ നിശ്ചയിക്കുകയും അത് എത്രയും ഭംഗിയായി നടത്തി തീര്‍ക്കുകയും ചെയ്തത് ആരും മറന്നിട്ടുണ്ടാവണമെന്നില്ല. യുക്മ എന്ന പ്രസ്ഥാനത്തെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കും ബിസിനസ്, രാഷ്ട്രീയ ബന്ധം വിപുലപ്പെടുത്തുന്നതിനും ഉപയോഗിച്ചവരും ഉപയോഗിക്കുന്നവരും ഇതിലെ ഭാവികണ്ട് പുതുതായി വരുന്ന റീജിയണല്‍ നാഷണല്‍ കമ്മിറ്റികളിലേക്ക് സീറ്റ് ഉറപ്പിച്ചിട്ടുള്ളവരും ഉണ്ട് എന്ന് ജനങ്ങള്‍ മനസ്സിലാക്കട്ടെ.
ഒരു റീജിയണല്‍ കലാമേളയ്ക്ക് തൊട്ടുമുമ്പ് റീജിയണല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയും അത് നടത്തുന്നതിനായി നാടായ നാടു മുഴുവന്‍ നടന്ന് സ്പോണ്‍സര്‍ഷിപ്പ് വാങ്ങുകയും അതിന്റെ വരവ് ചെലവ് കണക്കുകള്‍ പ്രസിഡന്റിന്റെ പോലും ബോധ്യപ്പെടുത്താതെ മുങ്ങിയ ഒരു കക്ഷി വീണ്ടും റീജിയണല്‍ സെക്രട്ടറിയാവാന്‍ തയ്യാറെടുത്തിരിക്കുന്ന കാര്യവും കൂടുതല്‍ കരുതലോടെ ഓര്‍ക്കണം. യു കെ മലയാളികള്‍ക്ക് മരണസഹായ ഫണ്ടായി യുക്മയുടെ ആദ്യ നാഷണല്‍ കമ്മിറ്റി വിഭാവനം ചെയ്തതും ഈ വര്‍ഷത്തെ നാഷണല്‍ കമ്മിറ്റി നടപ്പിലാക്കാന്‍ ശ്രമിച്ചതുമായ ക്രൈസിസ് ഫണ്ടിന് ഒരാള്‍ക്ക് ‘ഒരു പൌണ്ട്’ കമ്മീഷന് ചോദിച്ചതുമായ ഈ വിദ്വാനെയും അദ്ദേഹത്തിന്റെ കൂട്ടാളി വൃന്ദത്തെയും ഉടനെ നിങ്ങള്‍ക്ക് പരിചയപ്പെടാം. ഇന്ന് ഒരു അശ്ലീല പത്രത്തിന്റെ ഉടമയായ ഇദ്ദേഹം സോളാര്‍ പാനല്‍ ഫ്രീ ആയി തരാം എന്നു പറഞ്ഞ് അവരുടെ ഇ-മെയില്‍ ഐ ഡി വാങ്ങി പത്രത്തിന്റെ ‘ക്ലിക്’ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രം മെനഞ്ഞെടുത്തതിന് ഉദാഹരണം എത്ര വേണം.
നാഷണല്‍ കലാമേളയുടെ എല്ലാ ക്രഡിറ്റും ഒരു കണ്‍വീനറില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഇതിനു വേണ്ടി പകലന്തിയോളം പണിയെടുത്ത നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്തിനെന്ന ചോദ്യം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഇത്തരം ഇവന്റെ മാനേജ്മെന്റ് ടീമിനെ ഏല്പിച്ചില്ലെങ്കിലും ഇതിലും ഭംഗിയായി ഇത്തരം കാര്യങ്ങള്‍ ചെയ്യാമെന്ന് തെളിയിക്കലായിരുന്നു യുക്മയുടെ നാഷണല്‍ സ്പോര്‍ട്സ്. യുക്മയുടെ പ്രസിഡന്‍ഷ്യല്‍ അക്കാദമി നാഷണല്‍ കമ്മിറ്റി അംഗീകരിച്ച് നടപ്പിലാക്കിയ ഒരു ലീഡര്‍ഷിപ്പ് പരിശീലനപരിപാടി ആയിരുന്നു. അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വെച്ച് 25 പേര് ഒപ്പിട്ട സമ്മതപത്രം അനുസരിച്ച് ഇന്ത്യയില്‍ നിന്നും നല്ല തുക മുടക്കി ട്രയിനറെ കൊണ്ടുവന്നതിനും അതു സംബന്ധമായി ആസൂത്രണങ്ങള്‍ക്കും വളരെയധികം സമയവും പണവും ചെലവഴിച്ച ഒന്നായിരുന്നു. തങ്ങള്‍ എല്ലാം തികഞ്ഞവരാണ്, തങ്ങള്‍ക്ക് ഒരു പരിശീലനവും ആവശ്യമില്ല എന്നു വാശി പിടിച്ചതുമൂലം ഇത്തരം ഒരു അസുലഭ അവസരം നഷ്ടപ്പെടുത്തിയവരോട്, എന്തു ‘കമിറ്റ്മെന്റ്’ നിങ്ങള്‍ ഈ പ്രസ്ഥാനത്തോട് കാണിച്ചു എന്ന ചോദ്യത്തിന് ഒരു ഉത്തരം എല്ലാവരും പ്രതീക്ഷിക്കുന്നു. ആ റീജിയണില്‍ വെച്ചു നടന്ന നാഷണല്‍ സ്പോര്‍ട്സില്‍ ആ റീജിയന്റെ പങ്കാളിത്തം എത്രമാത്രം ഉണ്ടായിരുന്നു എന്നതും ഏവരും കണ്ടതാണ്.
യുക്മയുടെ അംഗീകാരമില്ലാത്ത വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും സ്വകാര്യമായ ഇ-മെയിലുകള്‍ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിന്റെ പേരിലും നാഷണല്‍ സെക്രട്ടറി പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണെന്നു പ്രചരിപ്പിക്കുകയും പി ആര് ഒ ആയതിനു ശേഷം ഒരു നാഷണല്‍ കമ്മിറ്റി ഒഴികെ മറ്റൊന്നിലും പങ്കെടുക്കാതിരിക്കുകയും ചെയ്തതിന്റെ പേരില്‍ പി ആര് ഒ എന്ന നിലയില്‍ പത്രമാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നത് ആറുമാസമായി വിലക്കിയിട്ടുള്ളതുമാകുന്നു. തുടര്‍ന്ന് യുക്മ സംബന്ധമായ ഔദ്യോഗിക അറിയിപ്പുകള് സെക്രട്ടറിയുടെ മെയില്‍ ഐഡിയില്‍ നിന്നും മാധ്യമങ്ങള്‍ക്കും ലഭിക്കുന്നതാണ് എന്ന് ഈ അവസരത്തില്‍ അറിയിക്കട്ടെ.
ഇലക്ഷനും തര്‍ക്കങ്ങളും
യുക്മയുടെ മാര്‍ച്ച് 18നു ചേര്‍ന്ന ജനറല്‍ ബോഡിയില്‍ പങ്കെടുത്തവരുടെ നിര്‍ദ്ദേശപ്രകാരമാണ് നാഷണല്‍ ഇലക്ഷന് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതിനോട് അന്ന് പങ്കെടുത്ത ആരും വിയോജിപ്പ് പ്രകടിപ്പിച്ചതായി സെക്രട്ടറി എന്ന നിലയില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.ഒരു നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുക്കാത്തവരും എന്നാല്‍ സാമാന്യമര്യാദയുടെ പേരില്‍ സെക്രട്ടറി അയച്ച കത്തുകള്‍ക്ക് ഒരു മറുപടി പോലും തരാത്തവരും ഇന്ന് ഇലക്ഷനു വേണ്ടി അടിയന്തിരമായി കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന് പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. നാളിതു വരെ വിളിച്ചു ചേര്‍ത്ത അഞ്ച് നാഷണല്‍ എക്സിക്യുട്ടീവും ഒരു നാഷണല്‍ ജനറല്‍ ബോഡിയിലും ആകെ ഒരു എക്സിക്യുട്ടീവില്‍ മാത്രം പങ്കെടുത്ത് നമ്മുടെ പി ആര് ഒ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിവരവും ഏവരും അറിയേണ്ടതാണ്.
യുക്മയുടെ ഒരു വര്‍ഷത്തെ കലണ്ടര്‍പ്രകാരം വിവരിച്ച കാര്യങ്ങളിലെ നാഷണല്‍ കലാമേള ഒഴിച്ച് , നാഷണല്‍ സ്പോര്‍ട്സ്, പ്രസിഡന്‍ഷ്യല്‍ അക്കാദമി, ചാരിറ്റി രജിസ്ട്രേഷന് നടപടികള്‍, ക്രൈസിസ് ഫണ്ട് സമാഹരണം തുടങ്ങിയ നടപ്പാക്കാന്‍ പറ്റിയ പരിപാടികളിലെയും നടപ്പാക്കാനുള്ള ഓര്‍ഗന്‍ ഡൊണേഷന്‍ – ബ്ലഡ് ഡൊണേഷന്‍ പ്രോഗ്രാം, നാഷണല്‍ ഫാമിലി മീറ്റ് എന്നിവയില്‍ കൂടി നിങ്ങളുടെ പങ്കാളിത്തം എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നാല് നന്നായിരുന്നു.
നാഷണല്‍ ഇലക്ഷന് മാറ്റിവെച്ചതു കൊണ്ട് ഇതിലിപ്പോഴുള്ള ഭാരവാഹികള്‍ക്കുള്ള ധനനഷ്ടവും സമയനഷ്ടവും ഒന്നുകൂടി വര്‍ദ്ധിക്കുമെന്ന് എല്ലാവര്ക്കും അറിയാം. പിന്നെ, എന്തിനൊരു പ്രതിഷേധം. ഭൂരിപക്ഷം മലയാളികളുടെയും ആഗ്രഹം എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വീടു കേറിയും ഭീഷണിയുടെ സ്വരം മുഴക്കിയും യു കെ മലയാളികളുടെ ഒപ്പുശേഖരണം നടത്തുന്നത് ഏതുതരം രാഷ്ട്രീയ താല്പര്യം കൊണ്ടാണെന്ന് യു കെ മലയാളികള്‍ നേരത്തെ തന്നെ സംസാരം തുടങ്ങിയ കാര്യമാണ്. യുകെയുടെ ‘മധ്യഭൂമി’യിലൂടെ മൂന്നു തരം വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ഇവര്‍ക്ക് ഒരിക്കലും ഇതിന്റെ നേതൃത്വത്തില്‍ വരണമെന്ന് ആഗ്രഹമില്ല. അതിനുള്ള ത്യാഗമനസ്ഥിതിയോ സേവനസന്നദ്ധതയോ ഇല്ല. പിന്നെ, ഒരാഗ്രഹം മാത്രം അവര്‍ പറയുന്നവരായിരിക്കണം യുക്മ ഭരിക്കേണ്ടത്. അതായത്, അവരുടെ ആജ്ഞാനുവര്‍ത്തികള്‍.
മൂന്നുവര്‍ഷം ഈ പ്രസ്ഥാനത്തിനു തുടര്‍ച്ചയായി നേതൃത്വം നല്കിയ ബഹുമാന്യനായ പ്രസിഡന്റിന്റെയും ഈ വര്‍ഷം സെക്രട്ടറിയായിരുന്ന എന്റെയും ഞങ്ങളോടൊപ്പം നാഷണല്‍ എക്സിക്യുട്ടീവില്‍ പ്രവര്‍ത്തിച്ച മറ്റു ഭാരവാഹികളുടെയും പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിലയിരുത്തട്ടെ. യു കെയിലെ പരിമിതികളില്‍ നിന്നുകൊണ്ട് കഴിവിനു പരമാവധി പ്രസ്ഥാനത്തിനു വേണ്ടി ഏതങ്കിലും ഒരു കാര്യം ഞങ്ങള്‍ ചെയ്തു എന്ന് അംഗീകരിച്ചാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി. ഞാന്‍ ഈ എഴുതിയ കത്തില്‍ അസത്യത്തിന്റെ ഏതെങ്കിലും ഒരു കണികയുണ്ടെങ്കില്‍ ആര്‍ക്കും മുമ്പോട്ട് വന്ന് എതിര്‍ക്കാം. ഈ പ്രസ്ഥാനത്തില്‍ നിന്നും ലഭിക്കുന്ന നേട്ടങ്ങള്‍ക്കു വേണ്ടി കാത്തിരിക്കാതെ ഇതിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നമുക്കെന്തു ചെയ്യാന്‍ പറ്റുമെന്ന് ചിന്തിക്കുന്ന ഒരു നല്ല ഭരണസമിതിക്കു വേണ്ടി കാത്തിരിക്കം.
അബ്രഹാം ലൂക്കോസ്
യുക്മ -ജെനെറല്‍ സെക്രട്ടറി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല