നാലു വര്‍ഷം മുമ്പ് പിതാവ് നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ വിഴുപ്പുറത്തിനടുത്ത കുച്ചിപാളയം സ്വദേശി മുരുകന്‍, ഭാര്യ രാജേശ്വരി എന്നിവരാണ് പിടിയിലായത്. കൂട്ടക്കൊലയുടെ വിവരം നാലു വര്‍ഷം മറച്ചുവെച്ചതിന് യുവതിയെയും വിഴുപ്പുറം പൊലീസ് ചോദ്യംചെയ്തു.
പ്രണയജോടികള്‍ക്കായി സ്വകാര്യ തമിഴ് ടെലിവിഷന്‍ ചാനലായ സീ തമിള്‍ നടത്തിയ ടോക് ഷോയിലാണ് മുരുകന്‍ പണത്തിനു വേണ്ടി ദമ്പതികളുള്‍പ്പെടെ മൂന്നുപേരെ കൊന്നു കുഴിച്ചുമൂടിയതായി മകള്‍ ഭാര്‍ഗവി (19) വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ഭാര്‍ഗവിയുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ ടോക് ഷോ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. വിഴുപ്പുരം ജില്ലയിലെ സെഞ്ചി സ്വദേശി ശേഖര്‍ (48), മകള്‍ ലാവണ്യ (19), ഭര്‍ത്താവ് ചിലമ്പരശന്‍ (26) എന്നിവരെ 2008ല്‍ മുരുകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പിലെ കിണറ്റില്‍ കുഴിച്ചുമൂടിയെന്നാണ് ഭാര്‍ഗവി പറഞ്ഞത്.
ലാവണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനായിരുന്നു കൂട്ടക്കൊല. ലാവണ്യയും ചിലമ്പരശനും പ്രേമിച്ച് വിവാഹം കഴിച്ചതാണ്. ശേഖര്‍ ഒഴികെ വീട്ടുകാര്‍ക്ക് ഇവരുടെ വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു. ഇതിനാല്‍ മകളെയും മരുമകനെയും സുഹൃത്തായ മുരുകന്റെ വീട്ടില്‍ ശേഖര്‍ താമസിപ്പിച്ചു. ലാവണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ പദ്ധതിയിട്ട മുരുകന്‍ ചിലമ്പരശനെയും ലാവണ്യയെയും കൊലപ്പെടുത്തി വീട്ടുവളപ്പിലെ കിണറ്റില്‍ കുഴിച്ചുമൂടി. ഏതാനും ദിവസത്തിനു ശേഷം മകളെ കാണാനെത്തിയ ശേഖറിനെയും മുരുകന്‍ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. മൂന്ന് കൊലപാതകങ്ങള്‍ക്കും തന്റെ മാതാവ് രാജേശ്വരി കൂട്ടുനിന്നതായും ഭാര്‍ഗവി വെളിപ്പെടുത്തി.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുരുകന്റെ വീട്ടുവളപ്പില്‍ പരിശോധന നടത്തിയ വിഴുപ്പുരം പൊലീസ് മൂന്നുപേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. ഇവ ശേഖര്‍, ലാവണ്യ, ചിലമ്പരശന്‍ എന്നിവരുടേതാണോ എന്ന് തിരിച്ചറിയാന്‍ ലാബ് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഒളിവില്‍ പോയ മുരുകനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. കൂട്ടക്കൊലക്ക് കൂട്ടുനിന്ന രാജേശ്വരിയെയും ചോദ്യംചെയ്തുവരുകയാണ്. ഇവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. കൊലപാതക വിവരം നാലു വര്‍ഷം മറച്ചുവെച്ചതിന് ഭാര്‍ഗവിയെയും പൊലീസ് ചോദ്യംചെയ്തിരുന്നു.
ഈ വര്‍ഷം നല്ല മാര്‍ക്കോടെയാണ് താന്‍ പ്ലസ്ടു പാസായതെന്ന് ഭാര്‍ഗവി പറഞ്ഞു. അയല്‍വാസിയായ സതീശുമായി നേരത്തേ അടുപ്പത്തിലായിരുന്നു. ഏപ്രില്‍ 14ന് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചു. വിവാഹത്തിന് പിതാവ് മുരുകന്‍ എതിരായിരുന്നു. പ്രണയജോടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തുന്ന ടോക് ഷോയില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കി.കൂട്ടക്കൊല ഉള്‍പ്പെടെ പിതാവ് നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് ടോക് ഷോയില്‍ തുറന്നുപറഞ്ഞു. ചാനലുകാര്‍ തന്റെ മാതാപിതാക്കളെയും വിളിച്ചുവരുത്തി ടോക് ഷോയില്‍ പങ്കെടുപ്പിച്ചശേഷം പൊലീസിന് വിവരം നല്‍കുകയായിരുന്നു. മകളായ തന്നോടും മുരുകന്‍ നേരത്തേ തെറ്റായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്ന് ഭാര്‍ഗവി ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല