പര്‍ദ്ദയണിഞ്ഞെത്തിയ മുസ്ലീം സ്ത്രീയെ പേരന്റ്‌സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. നാല്പത് വയസ്സുകാരിയായ മാരൂണ്‍ റഫീക്ക് എന്ന സ്ത്രീക്കാണ് മകന്റെ കോളേജിലെ പേരന്റ്‌സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എ്ത്തിയപ്പോള്‍ ഈ ദുരനുഭവം ഉണ്ടായത്. മാഞ്ചസ്റ്റര്‍ കോളേജിലാണ് സംഭവം നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ നിഖാബ് അനുവദിക്കാനാകില്ലന്നും മുഖം വ്യക്തമാകുന്ന രീതിയല്‍ മാത്രമേ അകത്ത് കടത്തുവെന്നുമായിരുന്നു കോളേജിലെ റിസപ്ഷന്‍ സ്റ്റാഫിന്റെ നിര്‍ദ്ദേശം.
ഏഴ് വര്‍ഷമായി സ്ഥിരമായി ധരിക്കുന്ന നിഖാബ് മാറ്റാന്‍ മാരൂണ്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് കോളേജിലെ പേരന്റ്‌സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് അബ്ദുളിനെ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. മാഞ്ചസ്റ്റര്‍ കോളേജില്‍ പഠിക്കുന്ന ഇവരുടെ പുത്രന്‍ അവായിസിന്റെ പഠനത്തിലെ പുരോഗതി വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു മാരൂണ്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി അവായിസ് മാഞ്ചസ്റ്റര്‍ കോളേജില്‍ പഠിക്കുന്നു. ഇതിന് മുന്‍പ് രണ്ട് തവണ നിഖാബ് ധരിച്ച് ഞാന്‍ ഇവിടെ വന്നിട്ടുണ്ട്. അന്നൊന്നും ഈ പ്രശ്‌നമുണ്ടായിരുന്നില്ല. – മാരൂണ്‍ പറഞ്ഞു.
മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റിസപ്ഷനിലിരുന്ന സ്ത്രീ ഇത്തരം വസ്ത്രം ധരിച്ച് അകത്ത് കയറാനാകില്ലന്നും അത് കോളേജിന്റെ നിയമങ്ങള്‍ക്ക് എതിരാണന്നും പറഞ്ഞത്. എല്ലാവര്‍ക്കും കാണാനാകുന്ന വിധം എവിടെയെങ്കിലും ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലന്നും ഞാനാരെയോ ശല്യപ്പെടുത്താന്‍ വന്നതാണന്നായിരുന്നു അവരുടെ സംശയം – മാരൂണ്‍ പറഞ്ഞു. തങ്ങള്‍ ശരിക്കും അപമാനിക്കപ്പെട്ടുവെന്ന് മാരൂണിന്റെ മകന്‍ അവായിസ് പറഞ്ഞു. കോളേജില്‍ മാതാപിതാക്കള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് ഇതേ വരെ ആരും തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് അവായിസ് വ്യക്തമാക്കി.
എന്നാല്‍ ഏപ്രില്‍ 19ന് നടന്ന സംഭവത്തെ പറ്റി അന്വേഷിക്കുമെന്നും മാരൂണിന്റെ പരാതി കോളേജ് അധികൃതര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും മാഞ്ചസ്റ്റര്‍ കോളേജിന്റെ വക്താവ് അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ കോളേജിലെത്തുന്നവര്‍ മുഖം കാണുന്ന രീതിയില്‍ വ്‌സ്ത്രധാരണം നടത്തണമെന്ന് നിഷ്‌കര്‍ഷിക്കാറുണ്ടെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളേജിന്റെ ഡ്രസ്‌കോഡ് പുനപരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല