1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പല ഘട്ടങ്ങളിലായി കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി കൂടിയാലോചന നടത്തിയശേഷം കുറ്റപത്രം സമര്‍പ്പിക്കുന്ന തീയതികള്‍ തീരുമാനിക്കും. കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ അന്വേഷണം തുടരാനും സംഘം തീരുമാനിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തലവനും ക്രൈംബ്രാഞ്ച് മേധാവിയുമായ എ.ഡി.ജി.പി വിന്‍സന്‍ പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. ടി.പി. വധത്തില്‍ നേരിട്ട് പങ്കുള്ള ഏഴുപേരേയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് നേട്ടമായി സംഘം വിലയിരുത്തി.

ആഗസ്ത് പതിനഞ്ചിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കസ്റ്റഡിയിലുള്ള നിരവധി പേര്‍ സ്വമേധയാ ജാമ്യത്തിലിറങ്ങും. മെയ് നാലിനാണ് ടി.പി.വധം നടന്നത്. മെയ് പതിനഞ്ചിനാണ് നിര്‍ണായകമായ ആദ്യ അറസ്റ്റ് നടന്നത്. പിന്നെയുള്ള ഒരുമാസത്തില്‍ പലപ്പോഴായി അറസ്റ്റുകള്‍ നടന്നു. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് കുറ്റപത്രം നല്‍കുന്നത് പ്രായോഗികമല്ല. ആദ്യഘട്ടത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയവരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കും.

ഇതുവരെയുള്ള അന്വേഷണത്തില്‍, വ്യക്തമായി ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിപ്പട്ടിക തയ്യാറാക്കും. ടി.പി.യെ വധിക്കാന്‍ 2009-ല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രത്യേകം പ്രതിപ്പട്ടികയും കുറ്റപത്രവും തയ്യാറാക്കാനുള്ള സാധ്യത ആരായും. രണ്ടുഘട്ടങ്ങളിലായി നടന്ന ഫോറന്‍സിക് പരിശോധനകളുടെ റിപ്പോര്‍ട്ട് യഥാസമയത്ത് തന്നെ കോടതിയിലെത്തിക്കുന്നകാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. സാക്ഷികളായി ചേര്‍ത്തിട്ടുള്ളവരില്‍ നിന്ന് വീണ്ടും വ്യക്തമായി മൊഴിയെടുക്കാനും റിക്കോര്‍ഡ് ചെയ്തിട്ടുള്ള മൊഴികളുമായി ഒത്തുനോക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ കൂടുതല്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. അതുകൊണ്ട് അന്വേഷണം തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.