പ്ലസ് വണ്‍ പ്രവേശനം പൊതുപരീക്ഷ പാസായവര്‍ക്കുമാത്രം. എസ്.എസ്.എല്‍.സിക്കാര്‍ക്കു മൂന്നു ബോണസ് മാര്‍ക്ക് കൂടി നല്‍കണമെന്നു കരിക്കുലം ഉപസമിതി ശിപാര്‍ശ.
സി.ബി.എസ്.ഇക്കാരുടെ ക്ലാസ് പരീക്ഷ പ്ലസ് വണ്‍ പ്രവേശനത്തിനു മാനദണ്ഡമാക്കരുതെന്നും സമിതി. പ്ലസ് വണ്‍ പ്രവേശനത്തില്‍ സമഗ്രമാറ്റം വരുത്തിക്കൊണ്ടുള്ള പ്രോസ്‌പെക്‌ടസ് അടുത്തവര്‍ഷം മുതല്‍.
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്കു മുന്‍ഗണന ലഭിച്ചെന്നും സംസ്‌ഥാന സിലബസുകാര്‍ പിന്തള്ളപ്പെട്ടെന്നും പരാതിയുണ്ടായിരുന്നു. ഇതു സംബന്ധിച്ചു ജസ്‌റ്റിസ് വി.ആര്‍. കൃഷ്‌ണയ്യര്‍ അധ്യക്ഷനായ ഐക്യമലയാളസഭ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കിയ പരാതിപ്രകാരമാണു പഠനം നടത്താന്‍ സര്‍ക്കാര്‍ കരിക്കുലം ഉപസമിതിയെ നിയോഗിച്ചത്.
സി.ബി.എസ്.ഇ. വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായി സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ മാത്രം മാനദണ്ഡമായി പരിഗണിക്കണം. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയോടൊപ്പം ബോര്‍ഡ് പരീക്ഷയില്‍ യോഗ്യത നേടിയെന്നു തെളിയിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌കൂടി സമര്‍പ്പിക്കണം. സംസ്‌ഥാന സിലബസ് പാസായ വിദ്യാര്‍ഥികള്‍ക്കു പ്ലസ് വണ്‍ പ്രവേശനത്തിനു മൂന്നു മാര്‍ക്ക് കൂടി ബോണസ് നല്‍കണമെന്നും സമിതി.
എസ്.എസ്.എല്‍.സി. കഴിഞ്ഞ് അതതു സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന സംസ്‌ഥാന സിലബസ് വിദ്യാര്‍ഥികള്‍ക്കു നിലവില്‍ രണ്ടുമാര്‍ക്ക് ബോണസായി ലഭിക്കുന്നുണ്ട്. ഉപസമിതിയുടെ ശിപാര്‍ശയനുസരിച്ച് ഇവര്‍ക്ക് അഞ്ചു മാര്‍ക്ക് ബോണസ് ലഭിക്കും. സ്‌കൂള്‍ സ്‌ഥിതിചെയ്യുന്ന പഞ്ചായത്തിലും ബ്ലോക്കിലും പ്രവര്‍ത്തിക്കുന്ന സ്‌കൂളിലുള്ളവര്‍ക്കും അഞ്ചു മാര്‍ക്ക് ബോണസ് ലഭിക്കും. പ്രവേശനനടപടികളിലെ അപാകതയ്‌ക്കു ശാശ്വതപരിഹാരം കാണാന്‍ ഏകീകൃത സിലബസ് നടപ്പാക്കണം. ഇതേക്കുറിച്ചു പഠനം നടത്താന്‍ വിദഗ്‌ധസമിതിയെ നിയോഗിക്കണം.
സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തില്‍ അക്കാദമിക ഇടപെടല്‍ നടത്തണമെന്നും സമിതി ശിപാര്‍ശ ചെയ്‌തു. സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും.
എസ്.സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. ഡയറക്‌ടര്‍മാര്‍, അധ്യാപകപ്രതിനിധികള്‍ എന്നിവര്‍ ഉപസമിതി യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല