യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോവുക.
ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ വൈദ്യസഹായം വേണമെന്ന് അപേക്ഷ നല്‍കി. വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു.
ഗൂഢാലോചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്. കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റവും ചുമത്തി. ചോദ്യംചെയ്യലിനായി കണ്ണൂര്‍ ടൗണ്‍ എസ് പി ഓഫീസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിനു ശേഷം കണ്ണൂരില്‍ സംഘര്‍ഷമുണ്ടായി. സിപിഐ(എം) പ്രവര്‍ത്തകര്‍ കണ്ണൂര്‍ എസ്പിയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
എന്നാല്‍ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് പി ജയരാജന്‍ ചോദ്യംചെയ്യാന്‍ ഹാജരായപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലീഗിന്റെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഇന്ന് ഹാജരായത് പ്രതിചേര്‍ക്കാനുള്ള ക്ഷണപത്രം കിട്ടിയത് അനുസരിച്ചാണ്. പോലീസിനുള്ളിലെ സിപിഐ(എം) വിരുദ്ധലോബി വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ പാര്‍ട്ടിക്കെതിരെ കള്ളക്കേസുണ്ടാക്കുകയാണ്. ഇതുകൊണ്ടൊന്നും കമ്യൂണിസ്റ്റ് ദാര്‍ഢ്യം ഇല്ലാതാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
എം വി ജയരാജന്‍, പി കെ ശ്രീമതി, ജയിംസ് മാത്യു തുടങ്ങിയ സിപിഐ(എം നേതാക്കള്‍ക്കൊപ്പമാണ് ജയരാജന്‍ എത്തിയത്.
ടിവി രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തത്. ഇതിനുമുന്‍പ് രണ്ടു തവണ ജയരാജനെ ചോദ്യംചെയ്തിട്ടുണ്ട്.
ആഗസ്ത് രണ്ടാം വാരം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി സിപിഐ(എം) ഹര്‍ത്താല്‍.; രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല