തന്റെ ഫോണും പോലീസ് ചോര്‍ത്തുന്നുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ടി.പി. ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ടാണ് തന്റെ ഫോണും ചോര്‍ത്തിയത്. അറസ്റ്റിലായ മോഹനനെ പോലീസ് പ്രത്യേക രീതിയില്‍ പീഡിപ്പിക്കുന്നതായ വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.എല്‍.എമാരെ കൂട്ടി എസ്.പിയെ കാണണമെന്ന് താനാണ് ഇ.പി.ജയരാജനോടും എളമരം കരീമിനോടും നിര്‍ദേശിച്ചത്.
ഇതനുസരിച്ച് അവര്‍ അവിടെയെത്തിയപ്പോള്‍ നിങ്ങള്‍ വരുന്നുണ്ടെന്ന വിവരം മൂന്നരമണിക്കൂര്‍ മുമ്പേ തങ്ങള്‍ അറിഞ്ഞുവെന്നാണ് എസ്.പി. നേതാക്കളോട് പറഞ്ഞത്. മൂന്നര മണിക്കൂര്‍ മുമ്പാണ് താന്‍ ജയരാജനോടും എളമരത്തോടും സംസാരിച്ചത്- പിണറായി വിജയന് പറഞ്ഞു.
ടി.വി.രാജേഷിന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് പോലീസ് കേള്‍പ്പിക്കുകയായിരുന്നു.
പ്രധാനപ്പെട്ട സി.പി.എം. നേതാക്കളുടെയെല്ലാം ഫോണ്‍ സംഭാഷണം പോലീസ് ചോര്‍ത്തിക്കൊണ്ടിരിക്കയാണ്. സി.പി.എമ്മിനെതിരെയായതുകൊണ്ട് ഇതൊന്നും പ്രശ്നമല്ലെന്ന തരത്തിലാണ് മാധ്യമങ്ങള്‍ ഇത് കാണുന്നത്. സി.പി.എം കാര്‍ ഇതൊക്കെ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് എന്നാണ് മനോഭാവം. ഇന്ന് സി. പി.എമ്മിനെതിരെയാണെങ്കില്‍ നാളെ മറ്റുള്ളവര്‍ക്കും എതിരെ ഇത് നടക്കും. നമ്മുടെ നാടിനെ ഈ പ്രവണത എങ്ങോട്ടാണ് നയിക്കുന്നതെന്ന് മാധ്യമങ്ങളടക്കം എല്ലാവരും ചിന്തിക്കണം – പിണറായി വിജയന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല