ആയിരക്കണക്കിന് കുടുംബങ്ങളെ വെളളം കുടിപ്പിക്കുന്ന അനധികൃത വില്‍പ്പത്ര കമ്പനികള്‍കളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് മന്ത്രിമാരുടെ പിന്തുണ. അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന വില്‍പ്പത്ര കമ്പനികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന നിര്‍ദ്ദേശങ്ങള്‍ അടുത്തമാസം ആദ്യത്തോടെ ലീഗല്‍ സര്‍വ്വീസ് ബോര്‍ഡ് കണ്‍സള്‍ട്ടേഷന്റെ പരിഗണനയ്ക്ക് വിടും. ഇനി മുതല്‍ വില്‍പ്പത്രം എഴുതുന്നത് നിയമസ്ഥാപനങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതാണ് പുതിയ നിയമം.
വില്‍പ്പത്രം എഴുതുന്നവരുടെ ജോലിക്ക് മേല്‍നോട്ടം വഹിക്കാനായി ഒരു റെഗുലേറ്ററി ബോഡിയുണ്ടാകും. വില്‍പ്പത്രം എഴുതുന്നതിന് മാനദണ്ഡങ്ങളും പരിശീലനവും ഒപ്പം ഈ ജോലിക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പരീക്ഷയും നടത്തും. മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ചാന്‍സലര്‍ക്ക് അയച്ച് കൊടുക്കാനാകുമെന്നാണ് കരുതുന്നത്. വില്‍പ്പത്രം എഴുതുന്നവരെയെല്ലാം നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന ആനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് നിയമമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.
ഒരു നിയമസ്ഥാപനത്തിന്റെ നിയന്ത്രണ്ത്തിലുളള അഭിഭാഷകന് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വില്‍പ്പത്രം തയ്യാറാക്കുന്നതിന് 250 പൗണ്ട് മുതല്‍ 400 പൗണ്ട് വരെ ഈടാക്കാറുണ്ട്. എന്നാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ 20 പൗണ്ടിന് താഴെ പ്രതിഫലത്തിന് വില്‍പ്പത്രം എഴുതി നല്‍കാറുണ്ട്. ഇത്തരം ആളുകള്‍ക്ക് യാതൊരു യോഗ്യതയും ഉണ്ടായിരിക്കുകയില്ലെന്ന് മാത്രമല്ല യാതൊരു പരീശീലനവും ലഭിച്ചിട്ടുണ്ടാവുകയുമില്ല. പല സ്ഥാപനങ്ങളും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തതും ആയിരിക്കും. ഓരോ വര്‍ഷവും 180,000ല്‍പ്പരം വില്‍പ്പത്രങ്ങള്‍ എഴുതുന്നുണ്ടെന്നാണ് കണക്ക്.
അനധികൃത സ്ഥാപനങ്ങള്‍ വഴി എഴുതുന്ന വില്്പ്പത്രങ്ങളില് ധാരാളം തെറ്റുകള്‍ കടന്നു കൂടുകയും വില്‍പ്പത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാതെ വരുകയും ചെയതതോടെയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ ഗവണ്മെന്റ് നിര്‍ബന്ധിതരായത്.പല വില്‍പ്പത്രങ്ങളും ക്ലൈന്റ് മരിക്കുന്നതോടെയാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ വരുന്ന തെറ്റുകള്‍ കാരണം പ്രീയപ്പെട്ടവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിയാതെ വരുന്നു. മരണശേഷം വീതിച്ച് നല്കേണ്ടുന്ന ആസ്തികള്‍ പലര്‍ക്കും ലഭിക്കാതെ പോകുന്നതിനും ഈ തെറ്റുകള്‍ കാരണമാകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല