കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശവസംസ്‌കാരത്തിനുളള ചെലവിലുണ്ടായ വര്‍ദ്ധനവ് ആറ് ശതമാനം. ചെലവ് വര്‍ദ്ധിച്ച് വരുന്നത് കാരണം ആഞ്ചിലൊരു വിഭാഗം ആളുകള്‍ സംസ്‌കാര ചടങ്ങിന് പണം നല്‍കാന്‍ നന്നേ വിഷമിക്കുന്നതായും സണ്‍ലൈഫ് ഡയറക്ട് കോസ്റ്റ് ഓഫ് ഡൈയിംഗിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ശവസംസ്‌കാരത്തിന് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ തുക 3284 പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 6.2 ശതമാനം കൂടുതലാണ് ഇത് 2004 ലെ ചെലവുകളുടെ കണക്ക് അപേക്ഷിച്ച് നോക്കുമ്പോള്‍ 71 ശതമാനത്തിന്റെ വര്‍ദ്ധനവാണ് സംസ്‌കാര ചടങ്ങുകളുടെ ചെലവിലുണ്ടായിരിക്കുന്നത്.
ശവം അടക്കം ചെയ്യുന്നതിനുളള ചെലവുകളാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിനുളള ചെലവില്‍ 6.6ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്. ശവസംസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന്റെ ഫീസില്‍ 5.3ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആശ്വാസത്തിന് വക നല്‍കി കൊണ്ട് അടിസ്ഥാന ചെലവുകള്‍ ഒഴിച്ചുളളവയുടെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രൊബേറ്റ്, ഹെഡ്‌സ്റ്റോണ്‍സ്, പൂക്കള്‍ തുടങ്ങിയവയുടെ വിലയിലാണ് 1.9 ശതമാനത്തിന്റെ കുറവ് ഉണ്ടായിരിക്കുന്നത്. എസ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ തുകയിലുണ്ടാകുന്ന വ്യത്യാസമാണ് പ്രാഥമികമായും ഇവയുടെ വില നിയന്ത്രിക്കുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് 17 ശതമാനം ആളുകള്‍ ശവസംസ്‌കാര ചടങ്ങിന് ആകുന്ന വന്‍ തുക കണ്ടെത്താനായി ബുദ്ധിമുട്ടുന്നുണ്ട്. 20 ശതമാനം ആളുകള്‍ ബാക്കിവരുന്ന തുക ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് നല്‍കാന്‍ തയ്യാറാകുന്നു. 10 ശതമാനം ആളുകള്‍ പണം പലിശയ്‌ക്കെടുത്ത് സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ തയ്യാറാകുമ്പോള്‍ ഒന്‍പത് ശതമാനം ആളുകള്‍ പ്രീയപ്പെട്ടവരുടെ ആത്മശാന്തിക്കായി സ്വന്തം സാധനങ്ങള്‍ വിറ്റ് പണം കണ്ടെത്തുവാന്‍ തയ്യാറാകുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാനായി ഗവണ്‍മെന്റ് തയ്യാറാക്കിയ സോഷ്യല്‍ ഫണ്ട് ഫ്യൂണറല്‍ പേയ്‌മെന്റ് സിസ്റ്റവും വര്‍ദ്ധിച്ച് വരുന്ന ആവശ്യം നിറവേറ്റാനാകാതെ വിഷമിക്കുകയാണ്. ജനസംഖ്യയിലെ ഭൂരിഭാഗം ആളുകളും വൃദ്ധരായതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളാകാനാണ് സാധ്യത. എന്നാല്‍ സംസ്‌കാരത്തോട് അനുബന്ധിച്ച് ഔചിത്യമില്ലാത്ത പണം ചെലവാക്കലില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുളളതായും പഠനത്തില്‍ കണ്ടെത്തി. മെമ്മോറിയല്‍സിന് 7ശതമാനവും പൂക്കള്‍ക്ക് 7.6 ശതമാനവും ലിമോസിനുകള്‍ക്ക് 7.1 ശതമാനവും ആളുകള്‍ യാതൊരു ഔചിത്യവുമില്ലാതെയാണ് പണം ചെലവാക്കുന്നത്.
കുടുംബത്തിലെ ഒരാള്‍ മരിക്കുമ്പോള്‍ നിരാശയിലും വേദനയിലുമാണ് ഒരു കുടുംബം സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. അതിനാല്‍ തന്നെ വിവേകത്തോടെ പണം ചെലവാക്കണമെന്ന് ശഠിക്കാനാകില്ലെന്ന് സണ്‍ലൈഫ് ഡയറക്ടിന്റെ വക്താവ് സിമോണ്‍ കോക്‌സ് പറഞ്ഞു. എന്നാല്‍ മരണം സുനിശ്ചിതമായ ഒരു സത്യമായതിനാല്‍ സ്വന്തം സംസ്‌കാരത്തിനുളള ചെലവുകള്‍ മുന്‍കൂട്ടി തീരുമാനിച്ച് ഏല്‍പ്പിക്കാന്‍ കഴിയുമെന്നുളളത് പലരും മറന്നു പോകുന്നു. വര്‍ദ്ധിച്ച് വരുന്ന ചെലവുകള്‍ നേരിടാന്‍ മുന്‍കൂട്ടി ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എന്നാല്‍ പാരമ്പര്യം ചോര്‍ന്ന് പോകാതെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ മരണ നിരക്ക് ഓരോ വര്‍ഷവും 17 ശതമാനം കണ്ട് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കുളളില്‍ ശവസംസ്‌കാര ചെലവുകള്‍ താങ്ങാനുളള ഒരാളുടെ കഴിവ് കുറഞ്ഞുവരുമെന്നും അതിനാല്‍ മുന്‍കൂട്ടിയുളള പദ്ധതികള്‍ തയ്യാറാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും ബാത്ത് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി ലക്ചര്‍ ഡോ. കേറ്റ് വുഡ്‌ത്രോപ്പ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല