ബാര്‍ലൈസന്‍സ് കേസില്‍ അനുകൂല വിധി സമ്പാദിയ്ക്കാന്‍ സുപ്രീംകോടതി ജഡ്ജിക്കു കൈക്കൂലി കൊടുത്തതില്‍ ഇടനിലക്കാരനായി വര്‍ത്തിച്ചത് കോണ്‍ഗ്രസ് എംപിയായ കെ സുധാകരനാണെന്ന് ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍. കണ്ണൂരിലെ സ്വകാര്യ ബാര്‍ പാര്‍ട്ണര്‍ ജോസ് ഇല്ലിക്കല്ലാണ് ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്.
സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുത്ത സംഭവത്തില്‍ സുധാകരന്‍ കാഴ്ചക്കാരനല്ല, ഇടനിലക്കാരനായിരുന്നുവെന്ന് ജോസ് ഇല്ലിക്കല്‍ പറഞ്ഞു. കണ്ണൂര്‍ പുതിയതെരുവിലെ ഗീത ബാറിന് ലൈസന്‍സ് ലഭിക്കുന്നതിനാണ് സ്ഥാപനത്തിന്റെ മൂന്ന് പാര്‍ട്ണര്‍മാരില്‍ ഒരാളായിരുന്ന ജോസ് ഇല്ലിക്കല്‍ കേസുമായി ബന്ധപ്പെടുന്നത്.
ബാര്‍ലൈസന്‍സുമായി ബന്ധപ്പെട്ട് അന്നത്തെ കെപിസിസി. പ്രസിഡന്റായിരുന്ന വയലാര്‍ രവി പാര്‍ട്ടിക്കുവേണ്ടി 10 ലക്ഷവും നിലവിലെ കെ.പിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ റോസക്കുട്ടി ഇടനിലക്കാരിയായി 5 ലക്ഷവും , പത്മജ വേണുഗോപാല്‍ 7 ലക്ഷവും കൈപ്പറ്റിയതായാണ് ജോസ് ആരോപിയ്ക്കുന്നു.
കൈക്കൂലി വാങ്ങിയെന്ന് സുധാകരന്‍ പറയുന്ന സുപ്രീംകോടതി ജഡ്ജി എസ് പാണ്ഡ്യനാണ്. ചെന്നൈ അണ്ണാനഗറിലെ രാജ്പ്രകാശ് ലോഡ്ജിലാണ് പാണ്ഡ്യനെ ബാര്‍ ഉടമകള്‍ കാണുന്നത്. ഇതിന് സൗകര്യമൊരുക്കിയത് ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി ധര്‍മപ്രകാശാണ്. സുധാകരനാണ് ധര്‍മപ്രകാശിനെ ഈ ദൌത്യം ഏല്‍പ്പിച്ചത്.
പാണ്ഡ്യന് ആകെ 26 ലക്ഷം രൂപയാണ് നല്‍കിയത്. 36 ലക്ഷം നല്‍കിയെന്ന് സുധാകരന്‍ പറയുന്നത് ശരിയല്ല. ജഡ്ജിക്ക് 26 ലക്ഷമേ കൊടുത്തിട്ടുള്ളു. കേസിലെ അന്തിമവിധി പരിശോധിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിയുമെന്നും ജോസ് പറഞ്ഞു.
അതേ സമയം പൊതുപ്രസംഗം സുധാകരന് തന്നെ വിനയാവുകയാണ്. സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്ന് വെളിപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്ത് കേസെടുത്തതിന് പുറമെ കെ സുധാകരന്‍ എംപിയ്‌ക്കെതിരേ ദില്ലി പോലീസും കേസെടുത്തു. സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ജോയിന്റ് കമ്മീഷണര്‍ കേവല്‍ സിംഗിന് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല