1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2019

സ്വന്തം ലേഖകൻ: കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായി നോട്ട് ബുക്കിൽ നിന്ന് കീറിയെടുത്ത പേജിൽ നീല മഷികൊണ്ട് എഴുതിയ ഒരു വിചിത്ര പരാതി. കോഴിക്കോട് മേപ്പയൂർ എസ്.ഐക്കാണ് പത്ത് വയസ്സുകാരനായ വിദ്യാര്‍ഥി നേരിട്ടെത്തി പരാതി കൈമാറിയത്. പരാതിയില്‍ പെട്ടെന്ന് നടപടിയെടുക്കണമെന്നും കൊച്ചു മിടുക്കൻ പൊലീസിനോട് ആവശ്യപ്പെട്ടു.

പരാതി ഇങ്ങനെ:

മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ്.ഐക്ക് സർ,

എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.

എന്ന് ആബിൻ

വിളയട്ടൂർ എളമ്പിലാട് എൽ.പി സ്കൂളിലെ പഠിക്കുന്ന ആബിന്‍‍ നിരവധിയായി സൈക്കിള്‍ തിരിച്ചുകിട്ടുന്നതിനായി റിപ്പയറിങ് കടക്കാരനെ കണ്ടെന്നും പക്ഷെ നന്നാക്കി തിരിച്ചുകിട്ടിയില്ലെന്നും പറയുന്നു. 200 രൂപ തന്റെ കൈയ്യില്‍ നിന്നും നേരത്തെ വാങ്ങിയതായും പരാതിയില്‍ പറഞ്ഞു. ഫോണില്‍ വിളിച്ചാല്‍ എടുക്കില്ലെന്നും ഫോണെടുത്താല്‍ തന്നെ നന്നാക്കും എന്ന് പറയുകയും നേരിട്ട് പോയാല്‍ കടയടച്ച നിലയിലാണ് എന്നും പരാതിയിലുണ്ട്. അത് കൊണ്ട് പെട്ടെന്ന് തന്നെ റിപ്പയറിങ് കടക്കാരനില്‍ നിന്നും സൈക്കിള്‍ തിരിച്ചു വാങ്ങി തരണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്.

നോട്ടുബുക്കിലെ പേജിൽ എഴുതി നൽകിയ പരാതി പോലിസ് കുട്ടിക്കളിയായൊന്നും എടുത്തില്ല. പരാതിയുടെ ഗൗരവം ചോർന്ന് പോകാതെ ജനമൈത്രി പൊലീസിന് കൈമാറി. സിവിൽ പോലീസ് ഓഫീസർ രാധിക അന്വേഷിച്ചപ്പാേൾ കുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ റിപ്പയറിങ് നടത്തുന്ന സൈക്കിള്‍ കടക്കാരനെ കണ്ടു കാരണമന്വേഷിച്ചു. സുഖമില്ലാത്തിനാലും, മകന്റെ കല്യാണത്തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാനും സൈക്കിൾ അറ്റകുറ്റപണി നടത്താനും വൈകിയതെന്ന് സൈക്കിള്‍ മെക്കാനിക്ക് പറഞ്ഞു. വ്യാഴാഴ്ച്ചക്കകം സൈക്കിൾ നന്നാക്കികൊടുക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് സൈക്കിള്‍ മെക്കാനിക്കിനെ പൊലീസ് തിരിച്ചു പോകാന്‍ സമ്മതിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.