1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2020

സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിന് 11 വർഷം തടവ് ശിക്ഷ. ഭീകരപ്രവർത്തനങ്ങൾക്കു ധനസഹായം നൽകിയ രണ്ട് കേസിൽ പാക്ക് ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.

രണ്ട് കേസുകളിലായി അഞ്ചര വർഷം വീതം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. എൻജിഒയുടെ മറവിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചുവെന്നാണ് കേസ്. രണ്ട് കേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

ഡിസംബറിൽ ഭീകരവിരുദ്ധ കോടതി (എടിസി) സയ്യിദും കൂട്ടാളികളും കുറ്റവാളികളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് കേസുകളിലും കോടതി മുമ്പാകെ സയീദ് മൊഴി നൽകിയിട്ടുമുണ്ട്.

രാജ്യാന്തര ഭീകരരുടെ യുഎൻ പട്ടികയിലുള്ള സയീദ് മുൻകൂർ ജാമ്യ ഹർജി നൽകാൻ ഗുജ്റൻവാലയിലേക്കു പോകുന്നതിനിടെ 2019 ജൂലൈയിലാണ് അറസ്റ്റിലായത്. സയീദിനെ പിടികൂടാൻ ആവശ്യമായ വിവരം നൽകുന്നവർക്ക് യുഎസ് ഒരു കോടി ഡോളർ (70 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ കഴിയുന്ന സയീദ് തനിക്കും സഹായികൾക്കുമെതിരായ ആറ് കേസുകളും ഒന്നായി പരിഗണിക്കണമെന്നും വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കണമെന്നും പാകിസ്ഥാൻ ഭീകര വിരുദ്ധ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇയാളുടെ അപേക്ഷ ചൊവ്വാഴ്ച കോടതി അംഗീകരിച്ചിരുന്നു.

ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ലഷ്‌കര്‍ ഇ ത്വയിബ നേതാവായ ഹാഫിസ് സയീദ്. ഇതിനുശേഷം ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട്  ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.