1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2020

സ്വന്തം ലേഖകൻ: ഗൾഫിന്റെ വാണിജ്യ തലസ്ഥാനമാകാൻ റിയാദ്; മൂന്നു ലക്ഷം കോടി റിയാലിന്റെ വൻ പദ്ധതി ഒരുങ്ങുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ മേഖലയിലെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക കേന്ദ്രമാക്കി നഗരത്തെ മാറ്റാകയാണ് പദ്ധതിയുടെ ലക്ഷ്യം. അർബൻ 20 (യു 20) പ്രസിഡന്റും റിയാദ് റോയൽ കമ്മീഷൻ മേധാവിയുമായ ഫഹദ് അൽ റഷീദ് ആണ് തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റുന്ന സ്വപ്‍ന പദ്ധതി പ്രഖ്യാപിച്ചത്.

റിയാദ് ഇതിനകം തന്നെ വളരെ പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രമാണ്. വിഷൻ 2030 ന്റെ ഭാഗമായി 15 ദശലക്ഷം ജനങ്ങളെ ഉൾക്കൊള്ളാനുള്ള തന്ത്രപ്രധാനമായ വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് നഗരത്തിൽ മാത്രം 18 മെഗാപദ്ധതികളാണ് ഇതിനകം തുടക്കം കുറിച്ചത്. ഇത് ഒരു ലക്ഷം കോടി റിയാൽ അടങ്കൽ നിക്ഷേപത്തിന്റേതാണ്. ഇത് ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും ജനസംഖ്യ വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകും. അടുത്ത പത്ത് വർഷത്തിനിടയിൽ ഈ പദ്ധതികളുടെ പ്രയോജനം ദൃശ്യമാകും.

സാമ്പത്തിക ധനകാര്യ മേഖല, സാംസ്കാരികം, മരുഭൂടൂറിസം, വിനോദ രംഗം തുടങ്ങിയവയിൽ മറ്റൊരു ലക്ഷം കോടി റിയാലിന്റെ സ്വകാര്യ നിക്ഷേപമാണ് ലക്ഷ്യം വെക്കുന്നത്. അടുത്തിടെ റിയാദ് നഗരത്തിൽ 7 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈകാതെ നഗരത്തിലെ കിങ് സൽമാൻ പാർക്ക്, ലണ്ടനിലെ ഹൈഡി പാർക്കിനെക്കാൾ വലുതായി മാറുമെന്നും അൽ റഷീദ് പറഞ്ഞു. സംഗീത നാടകശാല, ലോകാടിസ്ഥാനത്തിൽ 1000 സംഭാവനകൾ മേളിച്ച ആർട്ട് ഷോ എന്നിവയും പദ്ധതിയിലുണ്ട്.

2020 അവസാനത്തോടെ റിയാദ് മെട്രോ ഭാഗികമായി തുറക്കുമെന്ന് ഫഹദ് അൽ റഷീദ് പറഞ്ഞു. ഏഴ് ദശലക്ഷം ജനസംഖ്യയുള്ള റിയാദ് ലോകത്തെ നഗരങ്ങളിലെ ജനസംഖ്യയുടെ കാര്യത്തിൽ 49-ാം സ്ഥാനത്താണ്. എന്നാൽ സാമ്പത്തികമായി പതിനെട്ടാം സ്ഥാനമാണ് റിയാദിനുള്ളതെന്നും അദ്ദേഹം ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തിന്റെ എണ്ണ ഇതര ജിഡിപിയുടെ 47 ശതമാനത്തിലധികം തലസ്ഥാന നഗരമാണ്‌ സംഭാവന ചെയ്യുന്നത്‌.

റിയാദ്‌ മെട്രോ, അൽ-ദിർഇയ, ഖിദ്ദിയ, റിയാദ്‌ ആർട്ട്‌, ഹരിത റിയാദ്‌ ഉൾപ്പെടെ 18 ലധികം ഭീമൻ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ നഗരത്തിലെ ജനസംഖ്യ 15 ദശലക്ഷമായി ഉയരുമെന്നും ഇത്‌ സമ്പദ്‌ ‌വ്യവസ്ഥയിൽ റിയാദിന്റെ വലുപ്പം ഇരട്ടിയാക്കുമെന്നും അൽ റഷീദ്‌ പറഞ്ഞു.

കൊറോണ പ്രതിസന്ധിയുടെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും ഹ്യൂസ്റ്റൺ നഗരവുമായി പങ്കാളിത്തം സൃഷ്ടിക്കുന്നതിൽ റിയാദ് വിജയിച്ചതായി അദ്ദേഹം പറഞ്ഞു. അർബൻ 20 വെർച്വൽ സംഗമത്തിൽ 15 രാജ്യാന്തര സ്ഥാപനങ്ങൾക്ക് പുറമെ 30 ആഗോള നഗര പ്രതിനിധികളും പങ്കെടുത്തു. 16 ലധികം പദ്ധതികൾസംഗമത്തിൽ അവതരിപ്പിച്ചു. ജി 20 രാജ്യങ്ങൾക്കിടയിൽ, നഗരമേഖലയിലെ നിർണായക പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളിൽ ഇടപെടാനും സഹകരിക്കാനും ചർച്ചചെയ്യാനും ഉള്ള ശക്തമായ ഒരു വേദിയാണ് യു 20.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.