1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2019

സ്വന്തം ലേഖകന്‍: മോദി പ്രഭാവത്തിന് തടയിടാന്‍ കെജ്‌രിവാളിന്റെയും മമതയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ റാലി; സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു നിരാഹാരം ഇരിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് ബുധനാഴ്ച പ്രതിപക്ഷ റാലി.

സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാവും ജന്തര്‍ മന്തറിലേക്കുള്ള റാലി. മമതാബാനര്‍ജിയാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്. ബി.ജെ.പിയുമായി ബന്ധമില്ലാത്ത പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. രാജ്യം നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റാലിയെപ്പറ്റി വിശദീകരിക്കവെ ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.

സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ഇന്ന് നിരാഹാര സമരം നടത്തും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് നായിഡുവിന്റെ സത്യാഗ്രഹം. 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.