1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2020

സ്വന്തം ലേഖകൻ: അസമില്‍ നിര്‍ണായക സ്വാധീനമുള്ള ആള്‍ അസം സ്റ്റുഡന്റ് യൂണിയന്‍ രാഷ്ട്രീയ പാര്‍ട്ടീ രൂപീകരിക്കുന്നു. പൗരത്വ നിയമത്തെ ചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിനിടക്കാണ് സ്റ്റുഡന്റ് യൂണിയന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

അസമിലെ ജനങ്ങളും കലാകാരന്‍മാരും ബുദ്ധിജീവികളും മറ്റുള്ളവരും അസമില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഞങ്ങളോട് സംസാരിക്കുന്നു. ഈ പ്രക്ഷോഭത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും കേന്ദ്രസര്‍ക്കാരിനെതിരെ നില്‍ക്കുന്നതിനും ഒരു ബദല്‍ ശക്തി വേണ്ട സമയമാണിതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും സ്റ്റുഡന്റ് യൂണിയന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദീപാങ്ക കുമാര്‍ നാഥ് പറഞ്ഞു. മാര്‍ച്ചോടെ പാര്‍ട്ടി രൂപീകരിക്കുമെന്ന് സ്റ്റുഡന്റ് യൂണിയന്‍ നേതാക്കള്‍ പറയുന്നു.

ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയുമാണ് പൗരത്വ നിയമത്തെ ചൊല്ലി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രക്ഷോഭം നയിക്കുന്നത്. തദ്ദേശ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് സംഘടന ആരോപിക്കുന്നു.

1979-1985 കാലഘട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്ന് രേഖകളില്ലാതെ വരുന്ന കുടിയേറ്റക്കാര്‍ക്കെതിരെ സ്റ്റുഡന്റ് യൂണിയന്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഈ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിലാണ് അസം ഗണപരിഷത്ത് എന്ന പാര്‍ട്ടി രൂപീകരിച്ചത്. അന്നത്തെ സ്റ്റുഡന്റ് യൂണിയന്‍ അദ്ധ്യക്ഷന്‍ പ്രഫുല്ലകുമാര്‍ മൊഹന്തയാണ് അസം ഗണപരിഷത്തിന്റെ ആദ്യ അദ്ധ്യക്ഷനായത്. സംസ്ഥാനത്ത് രണ്ട് തവണ അസം ഗണ പരിഷത്ത് അധികാരത്തില്‍ വന്നു.

ബി.ജെ.പി അസമില്‍ സ്വാധീനമുണ്ടാക്കിയതോടെയാണ് അസം ഗണപരിഷത്തിന്റെ സ്വാധീനം കുറഞ്ഞത്. ഇപ്പോള്‍ ബി.ജെ.പി ഘടകകക്ഷിയാണ് അസം ഗണപരിഷത്ത്. അസം ഗണ പരിഷത്ത് രൂപീകരിച്ച കാലത്തെ സ്വാധീനം പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധിച്ചേക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നല്ലതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി പറയുന്നു. പുതിയ പാര്‍ട്ടിയുടെ വരവ് കോണ്‍ഗ്രസിനെയും ബാധിക്കുമെങ്കിലും തദ്ദേശ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത് ആവശ്യമാണെന്നും തരുണ്‍ ഗൊഗോയി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.