1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യവസ്ഥകൾ കർശനമാക്കുകയാണ് അബുദാബി. വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ അബുദാബി താമസവിസയിലും സന്ദർശനവിസയിലും വിമാനമിറങ്ങുന്നവർക്ക് 14 ദിവസം സർക്കാർകേന്ദ്രത്തിൽ നിർബന്ധിത ക്വാറന്റീനാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. അബുദാബി വിസയിൽ മറ്റ്‌ എമിറേറ്റുകളിൽ വിമാനമിറങ്ങുന്നവർക്കും അബുദാബിയിലെ കേന്ദ്രങ്ങളിൽ ക്വാറന്റീൻ പൂർത്തിയാക്കണം.

ഗന്ധൂത് അതിർത്തിയിൽനിന്ന്‌ പരിശോധനകൾക്കുശേഷമാണ് സർക്കാർകേന്ദ്രത്തിലേക്ക് മാറ്റുക. കുടുംബങ്ങൾക്ക് നാലുദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാൻ അവസരമുണ്ട്. എന്നാൽ, നെഗറ്റീവ് ഫലത്തോടൊപ്പം വീടുകളിൽ അടുത്ത 14 ദിവസം ക്വാറന്റീൻ വ്യവസ്ഥകൾ പാലിച്ചുകഴിയുമെന്ന സത്യവാങ്മൂലം സമർപ്പിക്കണം.

നാട്ടിൽനിന്നുമെത്തുന്ന ഭാര്യ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ നാലുദിവസം പൂർത്തിയാക്കിയാൽ ഭർത്താവിന്റെ സമ്മതപത്രപ്രകാരം വീടുകളിലേക്ക് മാറാം. എന്നാൽ, ആ ദിവസംമുതൽ ഭർത്താവും 14 ദിവസം നിർബന്ധിത ഹോം ക്വാറന്റീനിൽ പ്രവേശിക്കണം. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് 50,000 ദിർഹം വരെ പിഴചുമത്തുകയും ചെയ്യും.

എല്ലാവിധസൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങൾ. അബുദാബിയുടെ വിവിധപ്രദേശങ്ങളിലായാണ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. കൃത്യമായ ഭക്ഷണപാനീയങ്ങളും സൗജന്യ ഇന്റർനെറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. നാട്ടിൽനിന്ന്‌ അബുദാബിയിലേക്ക് വരുന്നവർക്ക് വിമാനത്താവളത്തിൽ പി.സി.ആർ. പരിശോധന നിർബന്ധമാണ്. ആറുമുതൽ എട്ടുമണിക്കൂർവരെയാണ് ഫലം ലഭിക്കുന്നതിനാവശ്യം. ഇതിനുശേഷം മാത്രമേ വിമാനത്താവളത്തിൽനിന്ന്‌ പുറത്തിറങ്ങാൻ കഴിയുകയുള്ളൂ.

പരിശോധനകൾക്കുശേഷം മറ്റ് എമിറേറ്റുകളിൽനിന്നെത്തുന്നവർ അബുദാബിയിൽ ആറുദിവസത്തിലധികം താമസിക്കുന്നുണ്ടെങ്കിൽ പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാവണം.

ഓരോ ആറുദിവസത്തിലും പരിശോധന നിർബന്ധമാണ്. സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകവിസയിലുള്ളവർക്കും മടങ്ങുന്നതുവരെ ഇത് ബാധകമാണ്. ഇതുചെയ്യാത്തവരെ പിഴയടക്കമുള്ള നിയമനടപടികൾക്ക് വിധേയരാക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.

വാക്സിൻപരീക്ഷണത്തിന് വിധേയമായവർക്ക് പരിശോധന നടത്തേണ്ടതില്ല. 48 മണിക്കൂറിനകമുള്ള പി.സി.ആർ., ഡി.പി.ഐ. പരിശോധനാ നെഗറ്റീവ് ഫലം ലഭിച്ചവർക്ക് മാത്രമാണ് അബുദാബിയിലേക്ക് റോഡുമാർഗം പ്രവേശനം അനുവദിക്കുന്നുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.