1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2020

സ്വന്തം ലേഖകൻ: നടൻ അനിൽ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരൾ സംബന്ധമായ അസുഖം മൂലം ഈ മാസം 22ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്ന അനിൽ വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു.

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. 1993ല്‍ പ്രദര്‍ശനത്തിനെത്തിയ വിനയൻ ഒരുക്കിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

കൊടി, തനി ഒരുവൻ, മിസ്റ്റർ ലോക്കൽ, നാടോടികൾ 2, വാൾട്ടർ അപ്പ തുടങ്ങി പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. രാ​ഗിലേ കാശി, ജണ്ട പെെ കപ്പിരാജു എന്നവയാണ് തെലുങ്ക് ചിത്രങ്ങൾ. ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറൻസികായിരുന്നു അവസാന ചിത്രം. സുമയാണ് ഭാര്യ, ആദിത്യ, അരുന്ധതി എന്നിവർ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.