1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2020

സ്വന്തം ലേഖകൻ: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം, സാരമായി പരുക്കേറ്റവർക്കു രണ്ടു ലക്ഷം, നിസാരപരുക്കുള്ളവർക്ക് 50,000 രൂപയും നൽകുമെന്നും പുരി വ്യക്തമാക്കി. ഇൻഷുറന്‍സ് ആനുകൂല്യത്തിനു പുറമേയാണു ധനസഹായം.

ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കൊർഡറും കൊക്പിറ്റ് വോയ്സ് റെക്കൊർ‍‍‍ഡറും ലഭിച്ചിട്ടുണ്ട്. സംഭവം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നുണ്ട്. പൈലറ്റ് വിദഗ്ധനും അനുഭവപരിചയവുമുള്ള വ്യക്തിയാണ്. സംഭവത്തിൽ അഗാധദുഃഖം രേഖപ്പെടുത്തുന്നു. അപകടകാരണം മഴയാകാം. മഴമൂലം വിമാനം തെന്നിനീങ്ങി. വ്യോമയാന വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വിമാനം തകർന്നു വീണ സ്ഥലം കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാനസർക്കാർ 10 ലക്ഷം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാരമായി പരുക്കേറ്റവർക്ക് രണ്ടുലക്ഷം, നിസാര പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും. എല്ലാവരുടെയും ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ ദുഃഖകരമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.

കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ദുബായില്‍ നിന്നുള്ള ഫ്ളൈ ദുബായ് വിമാനം രാത്രി എട്ടേ മുക്കാലിന് കരിപ്പൂരില്‍ എത്തും. വന്ദേ ഭാരത് പദ്ധതില്‍ ഇന്ന് ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി.

കരിപ്പൂരിലെ അപകടം മറ്റ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്ര നാളെ പുലര്‍ച്ചെയിലേക്ക് മാറ്റി. കരിപ്പൂരിലെക്കുള്ള സര്‍വീസുകള്‍ പഴയ നിലയില്‍ പുനഃസ്ഥാപിക്കാന്‍ രണ്ടു ദിവസം എടുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.