1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2020

സ്വന്തം ലേഖകൻ: “യുദ്ധമുഖത്ത് ഞാന്‍ മരിച്ചു വീണാല്‍
എന്നെ പെട്ടിയിലടയ്ക്കണം,
പിന്നെ വീട്ടിലേക്കയ്ക്കണം

എന്റെ പ്രിയതമയോട് കരയരുതെന്ന് പറയണം
കാരണം മരിക്കാന്‍ വേണ്ടി ജനിച്ച ഒരു സൈനികനാണ് ഞാന്‍!“

ദീപക് സാഠേയെന്ന ക്യാപ്റ്റനെ കുറിച്ച് കസിനായ നീലേഷ് സാഠേ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഓര്‍മക്കുറിപ്പില്‍ ചേര്‍ത്ത കവിതയിലെ വരികളാണിവ. അതെ, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ ജനിച്ച സൈനികന്‍…! നീലേഷ് സാഠേ ഓര്‍മക്കുറിപ്പില്‍ പറയുന്നതിങ്ങനെ. ഒരു സഹോദരനെക്കാളുപരി ഒരു സുഹൃത്തായിരുന്ന ദീപക് മരിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

വിമാനമിറക്കുന്നതിന് മുമ്പ് വിമാനത്താവളത്തിന് ചുറ്റും മൂന്ന് തവണ അദ്ദേഹം വിമാനം പറത്തിയത് ടാങ്കിലെ ഇന്ധനത്തിന്റെ അളവ് ചുരുക്കാനാവണം. അപകടം മുന്നില്‍ കണ്ട് വിമാനത്തിന് തീപിടിക്കാതിരിക്കാനാവണം ദീപക് ആ വിധം ചെയ്തത്. കൂടാതെ വിമാനത്തിന്റെ എന്‍ജിനും ഓഫ് ചെയ്തു. നൂറിലധികം സഹയാത്രികരുടെ ജീവന്‍ രക്ഷിച്ചു കൊണ്ടാണ് ദീപക് വീരമൃത്യു വരിച്ചത്.

36 കൊല്ലത്തെ അനുഭവസമ്പത്തുള്ള വൈമാനികനാണ് ദീപക്. എന്‍ഡിഎയില്‍ നിന്ന് ബാച്ചില്‍ ടോപ്പറായി പാസായ ദീപക് ഇന്ത്യന്‍ വ്യോമസേനയില്‍ 21 കൊല്ലം സേവനമനുഷ്ഠിച്ചു. 2005 ലാണ് എയര്‍ ഇന്ത്യയില്‍ കമേഴ്‌സ്യല്‍ പൈലറ്റായത്, നീലേഷ് തുടരുന്നു.

ഒരാഴ്ച മുമ്പ് ഫോണില്‍ സംസാരിക്കുമ്പോള്‍ എപ്പോഴത്തേയും പോലെ ദീപക് ഏറെ ഉത്സാഹത്തിലായിരുന്നു. ഇന്ത്യാക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനത്തിലായിരുന്നു ദീപക്. യാത്രക്കാരില്ലാത്തതിനാല്‍ ഒഴിഞ്ഞ വിമാനമാണോ പറത്തുന്നത് എന്ന ചോദ്യത്തിന് പഴങ്ങളും പച്ചക്കറികളും മരുന്നുകളും അറബിനാടുകളിലേക്ക് വിമാനത്തില്‍ കൊണ്ടുപോകുമെന്നും തിരികെ ഇന്ത്യാക്കാരെ കൂട്ടി വരുമെന്നും ദീപക് പറഞ്ഞു, അതായിരുന്നു അദ്ദേഹവുമായുള്ള അവസാനസംഭാഷണം.

വ്യോമസേനാംഗമായിരുന്ന സമയത്ത് സംഭവിച്ച അപകടത്തില്‍ തലയോടുള്‍പ്പെടെ ഭാഗങ്ങള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ആറ് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ദീപക് പിന്നീടൊരിക്കലും വിമാനം പറത്തുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും വിമാനം പറത്താനുള്ള അതിയായ ആഗ്രഹവും അദ്ദേഹത്തെ യോഗ്യതാപരീക്ഷയില്‍ വിജയിയാക്കി. ശരിക്കും അതൊരു അദ്ഭുതമായിരുന്നു. നീലേഷ് കൂട്ടിച്ചേര്‍ക്കുന്നു.

ദീപക്കിന്റെ ഭാര്യയേയും മക്കളേയും കുറിച്ച് നീലേഷ് പരാമര്‍ശിച്ചിട്ടുണ്ട്. കേണല്‍ വസന്ത് സാഠേയുടെ മകനാണ്. ദീപക്കിന്റെ സഹോദരന്‍ ക്യാപ്റ്റന്‍ വികാസ് ജമ്മു മേഖലയില്‍ സൈനികസേവനത്തിനിടെ വീരമൃത്യു വരിച്ചു. അതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു സൈനികന്‍ ജീവത്യാഗം ചെയ്യും. നീലേഷ് കുറിക്കുമ്പോള്‍ ക്യാപ്റ്റന്‍ ദീപക് സാഠേ നീലക്കണ്ണുകളില്‍ നിറപുഞ്ചിരിയുമായി, പ്രത്യേകിച്ച് മലയാളികളുടെ ഓര്‍മയില്‍ എന്നുമുണ്ടാകും.

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് യുദ്ധ വിമാനങ്ങള്‍ പറത്തി പരിചയമുണ്ടായിരുന്ന ദീപക് സാഥേ 21 വര്‍ഷത്തെ വ്യോമസേന ജോലി അവസാനിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. വന്ദേഭാരത് മിഷന്‍െറ ഭാഗമായി ഗള്‍ഫ് നാടുകളില്‍ നിന്ന് രാജ്യത്തേക്ക് നിരവധി പേരെ കൊണ്ടുവരുന്നതില്‍ ഏറെ അഭിമാനവും സന്തോഷവും ദീപക് സാഥക്കുണ്ടായിരുന്നതായി സുഹൃത്തും ബന്ധുവുമായ നിലേഷ് സാഥേ പറഞ്ഞു. ഒരാഴ്ച മുമ്പാണ് നിലേഷ് അവസാനമായി വസന്തുമായി ഫോണില്‍ സംസാരിച്ചത്. വന്ദേഭാരത് മിഷന്‍െറ ഭാഗമായി യാത്രക്കാരെ എത്തിക്കാന്‍ വിദേശരാജ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ കാലിയായി വിമാനം അങ്ങോട്ട് പറത്തുമോയെന്ന് നിലേഷ് ഇദ്ദേഹത്തോട് കളിയായി ചോദിച്ചിരുന്നു. യാത്രക്കാരില്ലെങ്കില്‍ മരുന്നും പച്ചക്കറികളും പഴവര്‍ഗങ്ങളുമായി പറക്കുമെന്നായിരുന്നു മറുപടി.

1981ല്‍ ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് ‘സോഡ് ഓഫ് ഓണര്‍’ ബഹുമതിയോടെ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ വിമാനം പറത്താന്‍ തുടങ്ങിയിട്ടുണ്ട് ദീപക് സാഥെ. ഖഡാവാസ്ലയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും സൈനിക പഠനവും പരിശീലനവും നടത്തി. റഷ്യന്‍ നിര്‍മിത മിഗ് യുദ്ധവിമാനങ്ങള്‍ പലവട്ടം പറത്തി. 90കളുടെ ആദ്യം വലിയൊരു അപകടത്തില്‍ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടിരുന്നു. തലയോട്ടിക്ക് ഗുരുതരമായ പരിക്ക് പറ്റിയ ദീപക് ആറുമാസമാണ് ചികിത്സയിലുണ്ടായിരുന്നത്. വീണ്ടും പൈലറ്റാകാന്‍ കഴിയില്ലെന്ന്​ പലരും കരുതി. എന്നാല്‍, വിമാനമെന്ന വലിയ ലോഹപക്ഷിയെയും മേഘങ്ങളെയും സ്നേഹിച്ച ഇദ്ദേഹം വീണ്ടും വ്യോമസേന വിമാനങ്ങളിലെ കോക്പിറ്റില്‍ സ്ഥാനമുറപ്പിച്ചു.

21 വര്‍ഷത്തെ സേവനത്തിന് ശേഷം 2003ല്‍ വിരമിക്കല്‍ പ്രായത്തിന് മുമ്പേ സേന വിട്ടു. 2005ല്‍ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നു. എയര്‍ബസ് 310 ആയിരുന്നു ആദ്യകാലങ്ങളില്‍ പറത്തിയത്. പിന്നീട് ബോയിങ് 737ന്‍െറ പൈലറ്റായി എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് മാറി. ബംഗളൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡിലെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. മുംബൈയില്‍ താമസിക്കുന്ന ദീപകിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പിതാവ് വസന്ത് സാഥെ കരസേനയില്‍ ബ്രിഗേഡിയറായിരുന്നു. സഹോദരനും കരസേന ഉദ്യോഗസ്ഥനായിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.